മലപ്പുറം: നിരവധി അപകട മരണങ്ങൾക്ക് സാക്ഷിയായ ഊർക്കടവ് പാലത്തിനടിയിൽ കുടുങ്ങിയ മരങ്ങളും മറ്റ് അവശിഷ്ടങ്ങളും യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ നീക്കം ചെയ്യുന്നതായി ആരോപണം. ഇറിഗേഷൻ അസിസ്റ്റന്‍റ് എഞ്ചിനീയറുടെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ മുതൽ നവീകരണ പ്രവൃത്തി ആരംഭിച്ചത്. സേഫ്റ്റി ബെൽറ്റ്, ജാക്കറ്റ്, ഹെൽമെറ്റ് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങൾ ഇല്ലാതെയാണ് തൊഴിലാളികൾ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.
ഇത്തരം സന്ദർഭത്തിൽ സുരക്ഷാ ബോട്ട് വരുത്തേണ്ടതും തൊട്ടടുത്ത ഫയർ സ്റ്റേഷനിൽ വിവരം നൽകേണ്ടതുമാണ് എന്നാണ് നിയമം. കാലൊന്ന് തെറ്റിയാൽ എത്ര നീന്തലറിയുന്നവരും ഒഴുക്കിൽപ്പെടുന്ന സ്ഥലമാണിത്. ഒരാൾക്കിരിക്കാൻ പോലും കഴിയാത്ത ചെറുതോണി വെള്ളത്തിൽ ആടി ഉലയുകയാണ്. ഇതിൽ നിന്നാണ് തൊഴിലാളി പാലത്തിലെ മരങ്ങൾ വലിച്ച് വെള്ളത്തിലിടുന്നത്. മാസങ്ങൾക്ക് മുൻപാണ് അരീക്കോട് മൂർക്കനാട് പാലത്തിന്‍റെ നിര്‍മാണത്തിന് എത്തിയ എഞ്ചിനീയർ സേഫ്റ്റി ജാക്കറ്റ് ധരിക്കാത്തതിനാൽ മുങ്ങി മരിച്ചത്.