മലപ്പുറം: ട്രിപ്പിൾ ലോക്ക്‌ഡൗൺ നിലനിൽക്കുന്ന മലപ്പുറം ജില്ലയിൽ മതിയായ രേഖകളില്ലാതെ പുറത്തിറങ്ങിയതിന് യുവാവിനെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവിയോട് ഉത്തരവിട്ട് ജില്ലാ കലക്ടർ. ട്രിപ്പിൾ ലോക്ക്‌ഡൗണും കർശന പരിശോധനയും നിലനിൽക്കുന്ന വണ്ടൂരിൽ മീൻ വാങ്ങാനിറങ്ങിയ യുവാവിനെ പൊലീസ് മൽപ്പിടിത്തത്തിലൂടെ പൊലീസ് വാഹനത്തിൽ കയറ്റുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തുടർന്നാണ് അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കാൻ കലക്ടർ ഉത്തരവിട്ടത്. വണ്ടൂർ ചെട്ടിയാറമൽ സ്വദേശി മുഹമ്മദ് ബാദുഷയെയാണ് (22) പൊലീസ് മർദ്ദിച്ചത്.
Read More: രേഖകളില്ലാതെ സവാരി; മലപ്പുറത്ത് യുവാവും പൊലീസും തമ്മില്‍ കൈയാങ്കളി
എന്നാൽ കർശന നിയന്ത്രണങ്ങൾ തുടരുന്ന പ്രദേശത്ത് കൃത്യമായ വാഹന രേഖകളോ സത്യവാങ്മൂലമോ ഇല്ലാതെയാണ് യുവാവ് പുറത്തിറങ്ങിയതെന്നാണ് വണ്ടൂർ പൊലീസിന്‍റെ വാദം. കഴിഞ്ഞ ദിവസവും സമാന രീതിയിൽ നിയന്ത്രണങ്ങൾ ലംഘിച്ച് യുവാവ് പുറത്തിറങ്ങിയെന്നും അതിന്‍റെ അടിസ്ഥാനത്തിലാണ് യുവാവിനെയും വണ്ടിയും കസ്റ്റഡിയിലെടുത്തത് എന്നാണ് പൊലീസിന്‍റെ വാദം. യുവാവ് സിഐക്ക് നേരേ തട്ടിക്കയറിയതാണ് മൽപ്പിടുത്തം നടക്കാൻ കാരണമായത് എന്ന് പൊലീസ് പറയുന്നു.