മലപ്പുറം: സർക്കാർ സംവിധാനങ്ങൾ തിരിഞ്ഞു നോക്കാത്ത തോടിന്‍റെ സംരക്ഷണം ഏറ്റെടുത്തു വാട്‌സ് ആപ്പ് കൂട്ടായ്മ. കൊണ്ടോട്ടി നഗരസഭയിലുള്ള ചിറയില്‍ തോടിന്‍റെ പ്രവർത്തനങ്ങൾക്കാണ് മേലേപറമ്പ് സൗഹൃദ കൂട്ടായ്മയെന്ന വാട്‌സ് ആപ്പ് ഗ്രൂപ്പ് നേതൃത്വം നല്‍കുന്നത്. ഊരകം മലയിൽ നിന്ന് ഉത്‌ഭവിച്ച് നെടിയിരുപ്പ് ഹരിജൻ കോളനി വഴി കടന്നു പോകുന്ന ചിറയിൽ തോട് കൊണ്ടോട്ടി നഗരസഭയിൽപ്പെട്ട പത്തോളം കുടിവെള്ള പദ്ധതികളും നിരവധി കർഷകരും ആശ്രയിക്കുന്നുണ്ട്.
നഗരസഭയിലെ അഞ്ച് വാർഡുകളിലൂടെ തോട് കടന്നു പോകുന്നുണ്ടെങ്കിലും കാര്യമായ ഒരു ഫണ്ടും ഈ തോടിന്‍റെ നവീകരണത്തിനായി ഇതുവരെ ചിലവഴിച്ചിട്ടില്ല. പാർശ്വ ഭിത്തികൾ നിർമ്മിക്കാത്തത് മൂലം കഴിഞ്ഞ രണ്ടു വർഷക്കാലത്തെയും പ്രളയം തോടിന്‍റെ ഇരു കരകളും തകർത്ത് ചെളിയും മണ്ണും നിറഞ്ഞ അവസ്ഥയിലാണ്. രണ്ട് ജെസിബികൾ ഉപയോഗിച്ചാണ് മൂന്നു ദിവസം നീണ്ടു നിൽക്കുന്ന നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. മണ്ണ് നീക്കുന്നതിന് മുമ്പ് തോട്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തിരുന്നു. സ്വദേശത്തും വിദേശത്തുമായി അഞ്ഞൂറിലേറെ അംഗങ്ങളുള്ള മേലേപറമ്പ് സൗഹൃദ വാട്സാപ്പ് കൂട്ടായ്മയാണ് ഇതിനുള്ള ഫണ്ട് കണ്ടെത്തുന്നത്.