മലപ്പുറം: ചങ്ങരംകുളം സ്റ്റേഷനിൽ ശിശു സൗഹൃദ മുറികൾ തയ്യാർ. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ ശിശു സൗഹൃദ അന്തരീക്ഷം ഒരുക്കുന്നതിൻ്റെ ഭാഗമായാണ് മുറികൾ ഒരുക്കിയത്. സ്ത്രീ സൗഹൃദ, ഭിന്നശേഷി സൗഹൃദ അന്തരീഷക്ഷങ്ങൾ ഒരുക്കിയതിന് പിന്നാലെയാണ് ശിശു സൗഹൃദ മുറികളും തയ്യാറായത്. കുട്ടികളുടെ മനസിൽ നിലനിൽകുന്ന പൊലീസ് ഭീതിയെ സൗഹൃദത്തിലേക്ക് മാറ്റാനാണ് ശ്രമം.
ഓരോ സ്റ്റേഷനുകളിലും ശിശു സൗഹൃദാന്തരീക്ഷം ഒരുക്കാൻ പ്രത്യേക മുറികൾ നിർമിക്കുന്ന പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്. സ്റ്റേഷൻ ചുറ്റുപാടിൽ നിന്നും അൽപ്പം മാറിയാണ് ശിശു സൗഹൃദ മുറികൾ നിർമിക്കുന്നത്. കുട്ടികൾക്കിഷ്‌ടപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളും ചിത്രങ്ങളും കളിപ്പാട്ടങ്ങളും ഉൾക്കൊള്ളുന്നതാണ് മുറി. സ്റ്റേഷൻ പ്രവർത്തനങ്ങൾ കുട്ടികളുടെ മനസിൽ ഭയം നിറക്കരുതെന്ന ആശയമാണ് ലക്ഷ്യമിടുന്നത്. കുട്ടികൾക്കെതിരെ നടക്കുന്ന അക്രമങ്ങളുടെയും പോക്സോ കേസുകളുടെയും തീർപ്പ് ഈ മുറികളിൽ വെച്ചാണ് നടത്തുക. അടുത്തു തന്നെ ഉദ്ഘാടനം നടത്താനാകുമെന്നാണ് പ്രതീക്ഷ.