മലപ്പുറം: പിവി അന്‍വര്‍ എംഎല്‍എയെ കാണാനില്ലെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരളയാത്രക്ക് നിലമ്പൂരിൽ നൽകിയ സ്വീകരണ യോഗത്തിലാണ് ചെന്നിത്തലയുടെ ആരോപണം. നിലമ്പൂർ എംഎൽഎയെ കാണാതായിട്ട് ആറ് മാസമായെന്ന് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ അഴിമതിക്കാരെ ജയിലിൽ അടക്കും. റബറിന് താങ്ങുവില 250 ആയി ഉയർത്തും. കവളപ്പാറ ദുരന്തം നടന്നിട്ട് ഇതുവരെ ഒരു സഹായവും നൽകിയിട്ടില്ല. ജനാധിപത്യ മര്യാദയില്ലാത്ത പിണറായി വിജയനെ വരുന്ന തെരഞ്ഞെടുപ്പിൽ ജനം പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് അധികാരത്തിൽ വന്നാൽ മണ്ഡലത്തിൽ ആദിവാസി ക്ഷേമത്തിനും വന്യമൃഗ ശല്യം നിയന്ത്രിക്കാനും പ്രകൃതിദുരന്ത നിവാരണത്തിനും പ്രത്യേക പാക്കേജ് നടപ്പിലാക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
സ്വീകരണ സമ്മേളനം എഐസിസി ജനറൽ കെസി വേണുഗോപാൽ ഉദ്ഘാടനം ചെയ്‌തു. യു.ഡി.എഫ് നിലമ്പൂർ നിയോജക മണ്ഡലം ചെയർമാൻ കെടി കുഞ്ഞാൽ അധ്യക്ഷത വഹിച്ചു. പിവി അബ്ദുൾ വഹാബ് എം.പി, ഷാഫി പറമ്പിൽ എം.എൽ.എ, മുൻ മന്ത്രി ആര്യാടൻ മുഹമ്മദ്, യു.ഡി.എഫ് സംസ്ഥാന സെക്രട്ടറി ജോണി നെല്ലൂർ തുടങ്ങിയവര്‍ സംസാരിച്ചു.