മലപ്പുറം: തമിഴ്‌നാട്ടിൽ നിന്നും രാസവസ്‌തുക്കൾ ചേർത്ത് കോട്ടക്കലിൽ എത്തിച്ച മുന്നൂറ് കിലോ മാമ്പഴം ഭക്ഷ്യസുരക്ഷാവകുപ്പ് നശിപ്പിച്ചു. സ്ഥാപനത്തിനെതിരെ പിഴ ചുമത്തുകയും ചെയ്‌തു. സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ നിർദേശപ്രകാരം പഴം-പച്ചക്കറി വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നതിനായി നിയോഗിച്ച സ്പെഷ്യൽ സ്ക്വാഡാണ് സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചത്.
മാമ്പഴത്തിന്‍റെയും പഴുപ്പിക്കാൻ ഉപയോഗിച്ച രാസവസ്‌തുവിന്‍റെയും സാമ്പിളുകൾ ശേഖരിച്ച് കോഴിക്കോട് റീജിയണൽ അനലറ്റിക്കൽ ലാബിലേക്ക് പരിശോധനക്കായി അയച്ചു. റംസാൻ വിപണി ലക്ഷ്യമാക്കി മാരകമായ അളവിൽ രാസവസ്തുക്കൾ ചേർത്ത് കൃത്രിമമായി പഴങ്ങൾ പഴുപ്പിച്ച് വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും കർശനമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്‍റ് കമ്മിഷണർ അറിയിച്ചു. മലപ്പുറം ഭക്ഷ്യസുരക്ഷാ കമ്മിഷണർ ജി.ജയശ്രീ പരിശോധനക്ക് നേതൃത്വം നൽകി. ദീപ്‌തി യു.എം, ഷിബു എസ്, ദിവ്യ ദിനേശ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.