മലപ്പുറം: കോടികൾ ചെലവിട്ട് നിർമാണം നടത്തിയ ചമ്രവട്ടം പുഴയോര ടൂറിസം പദ്ധതി തകർച്ചയില്‍. ഉദ്ഘാടനം മുടങ്ങിയതോടെ സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി ഇവിടം മാറി. ഒട്ടേറെ സഞ്ചാരികൾ എത്തിയിരുന്ന ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്‌ജ് പരിസരത്ത് അഞ്ച് വർഷം മുൻപാണ് ടൂറിസം പദ്ധതികൾക്ക് തുടക്കമിട്ടത്. 3.5 കോടി രൂപ ചെലവിട്ട് പാർക്കും ജല വിനോദ പദ്ധതികളും ഒരുക്കാനാണ് നടപടികൾ ആരംഭിച്ചത്. ഭാരതപ്പുഴയോട് ചേർന്ന മനോഹരമായ സ്ഥലത്ത് തുടക്കമിട്ട പദ്ധതി ഇന്ന് തകർച്ചയിലാണ്.
ആദ്യ ഘട്ടത്തിൽ ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്‌ജ് മുതൽ പെരുന്തല്ലൂർ ഭാഗത്തേക്ക് പുഴയോരത്തു കൂടി ഒരു കിലോമീറ്റർ നടപ്പാത ഒരുക്കിയിരുന്നു. സുരക്ഷാ മതിൽ കെട്ടി സ്റ്റീൽ വേലി ഒരുക്കി അലങ്കാര വിളക്കുകൾ സ്ഥാപിച്ചു. നടപ്പാത ടൈൽ പാകി മനോഹരമാക്കി. ഓപ്പൺ ഓഡിറ്റോറിയം, ഗാലറി, വാച്ച് ടവർ, വിശ്രമ സ്ഥലങ്ങൾ, പൂന്തോട്ടം, ശുചിമുറികൾ, സുരക്ഷാവേലി, കവാടം എന്നിവ ഒരുക്കി. എന്നാൽ ഉദ്ഘാടനം മുടങ്ങിയതോടെ കെട്ടിടങ്ങൾ, നടപ്പാത, ശുചിമുറികൾ എന്നിവ നശിച്ചു തുടങ്ങി.
സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടവും അധികൃതരുടെ കെടുകാര്യസ്ഥതയും പദ്ധതിയുടെ നാശത്തിന് ആക്കം കൂട്ടി. ലക്ഷങ്ങൾ ചെലവിട്ട് സ്ഥാപിച്ച വിശ്രമ- വിനോദ ഉപകരണങ്ങളും പാർക്കിലേക്കുള്ള വഴിയും കാടുമൂടി. കഴിഞ്ഞ വർഷം പദ്ധതി പ്രദേശത്ത് വൻ തുക ചെലവിട്ട് പുതിയ കെട്ടിടങ്ങൾ ഒരുക്കി മുറ്റം ടൈൽ പാകിയിരുന്നു. ഇതിനിടെ ചമ്രവട്ടം പദ്ധതി പ്രദേശത്ത് നടപ്പാക്കാൻ തീരുമാനിച്ച ജല ടൂറിസം പദ്ധതികളെല്ലാം ഉപേക്ഷിച്ചു. കോടികൾ ചെലവിട്ട് നിർമാണം നടത്തിയ ടൂറിസം പദ്ധതി എത്രയും പെട്ടന്ന് ഉദ്ഘാടനം നടത്തി തുറന്ന് കൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.