മലപ്പുറം: ചാലിയാർ പഞ്ചായത്തിലെ അമ്പുമല ആദിവാസി കോളനിയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗവണ്‍മെന്‍റ് മൊബൈൽ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോ. അശ്വതി സോമന്‍റെ നേതൃത്വത്തിലുള്ള മൊബൈൽ ഡിസ്‌പെൻസറി മെഡിക്കൽ ടീമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കോളനിയിൽ എത്തുന്നതിന് വേണ്ടി സുരക്ഷ ഒരുക്കുന്നതിന്‍റെ ഭാഗമായി നിലമ്പൂർ ലീഡിങ്ങ് ഫയർമാൻ യൂസഫലിയുടെ നേതൃത്വത്തിൽ നിലമ്പൂർ ഫയർഫോഴ്സ് യൂണിറ്റ് അംഗങ്ങളും ഫയർ ആന്‍റ് റെസ്ക്യൂ സിവിൽ ഡിഫൻസ് അംഗങ്ങളും സുരക്ഷ ഒരുക്കി. പ്രളയത്തിൽ നഷ്ടപ്പെട്ട പാലത്തിന്‍റെ പുനർ നിർമാണം ഇതുവരെ കഴിഞ്ഞിട്ടില്ല. വഴിയിലെ താത്കാലിക മുളകൊണ്ടുള്ള പാലം പലയിടത്തും അടർന്നു വീണ സ്ഥിതിയിലായിരുന്നു. യാത്ര അതീവ ദുഷ്കരമായിരുന്നെങ്കിലും മെഡിക്കൽ ടീം കോളനിയില്‍ എത്തി പരിശോധിച്ചു. മഴകാരണം കോളനിയിൽ പനിയും മറ്റു പകർച്ചവ്യാധികളും ഉണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ഫാർമസിസ്റ്റ് സുരേഷ് പീച്ച മണ്ണിൽ, ജെഎച്ച്ഐ വിനോദ്, ജെപിഎച്ച്എൻ സുനു , ശ്രീജിത് , മുഹമ്മദലി, വിനോദ്, സീനിയർ ഫയർ ആന്‍റ് റെസ്ക്യൂ ഓഫീസർ കെ യൂസഫലി, ഫയർ ആന്‍റ് റെസ്ക്യൂ ഓഫീസർമാരായ എൽ ഗോപാലകൃഷ്ണൻ, കെപി അമീറുദ്ധീൻ, ഐ അബ്ദുള്ള, പി ഷറഫുദ്ധീൻ, സിവിൽ ഡിഫൻസ് അംഗങ്ങളായ അബ്ദുൽ മജീദ്, ശംസുദ്ധീൻ കൊളക്കാടൻ, ഡെനി എബ്രഹാം, പ്രകാശൻ, സെഫീർ തുടങ്ങിയവർ പങ്കെടുത്തു.