മലപ്പുറം: നിയമസഭാ കയ്യാങ്കളി കേസ് സര്‍ക്കാരിന്‍റെ മുഖത്തേറ്റ ഏറ്റവും വലിയ തിരിച്ചടിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യഷന്‍ കെ സുരേന്ദ്രന്‍. കേസ് അവസാനിപ്പിക്കാനുള്ള നീക്കം സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധിക്കണം. ഹര്‍ജി പിന്‍വലിച്ച് മടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഖജനാവിലെ പണമെടുത്താണ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. വെള്ളിയാഴ്ചയിലെ ജുമുഅ നമസ്‌ക്കാരത്തിന് 40 പേര്‍ക്ക് അനുമതി നല്‍കണം. വിശ്വാസികള്‍ക്കൊപ്പമാണ് ബി.ജെ.പിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയസഭാ കയ്യാങ്കളി കേസ്
യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് 2015 മാർച്ച് 13ന് ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്താൻ നടത്തിയ പ്രതിഷേധമാണ് അക്രമാസക്തമായത്. സ്‌പീക്കറുടെ കസേര, എമർജൻസി ലാംബ്, മൈക്ക് യൂണിറ്റുകൾ, ഡിജിറ്റൽ ക്ലോക്ക് മോണിറ്റർ, ഹെഡ്‍ഫോൺ എന്നിവ നശിപ്പിച്ചത് കാരണം രണ്ടു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു എന്നാണ് ക്രൈംബ്രാഞ്ച് കേസ്.
കൂടുതല്‍ വായനക്ക്:- നിയമസഭ കയ്യാങ്കളി കേസ്; അപ്പീല്‍ പിന്‍വലിക്കണമെന്ന് രമേശ് ചെന്നിത്തല
മന്ത്രി വി ശിവൻകുട്ടി, മുന്‍ മന്ത്രിമാരായ കെ.ടി ജലീൽ, ഇ.പി ജയരാജൻ തുടങ്ങിയവര്‍ ഉൾപ്പെട്ട നിയമസഭ കയ്യാങ്കളി കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ബാഹ്യ ഇടപെടലുകളില്ലാതെ കേസ് പിൻവലിക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ തീരുമാനിച്ചതായി സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നു.
സ്‌പീക്കറുടെ അനുമതിയില്ലാതെ നിയമസഭ സെക്രട്ടറി സമർപ്പിച്ച കേസ് നിലനില്‍ക്കില്ലെന്നുമാണ് വാദം.സ്റ്റാൻഡിംഗ് കോണ്‍സല്‍ ജി പ്രകാശാണ് സംസ്ഥാന സർക്കാരിന് വേണ്ടി ഹര്‍ജി നല്‍കിയത്.