മലപ്പുറം: നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളുടെ ഭാഗമായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. മാതൃക പെരുമാറ്റചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ കലക്ടര്‍ പ്രതിനിധികള്‍ക്ക് വിശദീകരിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍, ജില്ലയിലെ വിവിധ പോളിങ് ബൂത്തുകള്‍, വോട്ടിങ് മെഷീനുകള്‍, പോളിങ് ഉദ്യോഗസ്ഥരുടെ ലഭ്യത, അംഗപരിമിതരായവര്‍ക്കും 80ന് മുകളില്‍ പ്രായമുള്ളവര്‍ക്കും പോസ്റ്റല്‍ ബാലറ്റ് അനുവദിക്കുന്നത് സംബന്ധിച്ച നടപടിക്രമം, ഹരിത പെരുമാറ്റച്ചട്ടം, ഇലക്ഷനുമായി ബന്ധപ്പെട്ട് ജില്ലയില്‍ രൂപവത്കൃതമായ വിവിധ സ്ക്വാഡുകള്‍ തുടങ്ങിയ വിഷയങ്ങളും കലക്ടര്‍ യോഗത്തില്‍ വിശദീകരിച്ചു.
തെരഞ്ഞെടുക്കപ്പെട്ട 28 മൈതാനങ്ങളില്‍ മാത്രമേ പ്രചാരണ യോഗങ്ങള്‍ സംഘടിപ്പിക്കാവൂവെന്നും പൊലീസ് അറിയിച്ചു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ഥിയുടെ കൂടെ രണ്ട് പേരെ മാത്രമേ അനുവദിക്കുകയുളളൂ. ഗൃഹ സന്ദര്‍ശനത്തിന് അഞ്ച് പേരില്‍ കൂടുതല്‍ പോകാന്‍ പാടില്ല. റോഡ് ഷോക്ക് അഞ്ച് വാഹനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളൂ. എഡി.എം ഡോ. എം.സി. റെജില്‍, ജില്ല പൊലീസ് മേധാവി എസ്. സുജിത്ത് ദാസ്, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ്. അഞ്ജു, അസി. കലക്ടര്‍ പി. വിഷ്ണുരാജ്, ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ ഇ. മുഹമ്മദ് യൂസഫ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.