മലപ്പുറം: കഴിഞ്ഞ ദിവസം നടന്ന എംഎഡ് ഒന്നാം സെമസ്റ്റർ പരീക്ഷയിൽ കാലിക്കറ്റ് സര്‍വകലാശാലയ്‌ക്ക് ഗുരുതര വീഴ്‌ച. 2022 ൽ നടന്ന എംഎഡ് ഫിലോസഫി പരീക്ഷയുടെ ചോദ്യ പേപ്പർ 2019 ൽ നടന്ന പരീക്ഷയുടെ തനിയാവർത്തനമായിരുന്നു. ഒരു ചോദ്യത്തിൽ മാത്രം വാക്കുകൾ മാറ്റി എന്നത് മാറ്റി നിർത്തിയാൽ ബാക്കിയെല്ലാം മൂന്ന് വർഷം മുൻപുള്ള അതേ ചോദ്യങ്ങൾ തന്നെയാണ്.
2019 ൽ നടന്ന എംഎഡ് ഒന്നാം വർഷ ബിരുദ പരീക്ഷയുടെ ചോദ്യ പേപ്പറാണ് വീണ്ടും ആവർത്തിച്ചത്. എ ബി സി എന്നിങ്ങനെ മൂന്ന് പാർട്ടായി നടന്ന പരീക്ഷയിൽ പാർട്ട് എ യിലെ ആദ്യ ചോദ്യത്തിൽ മാത്രമാണ് നേരിയ മാറ്റം ഉള്ളത്. വിദ്യാഭ്യാസവുമായുള്ള നരവംശ ശാസ്‌ത്രത്തിന്‍റെ ബന്ധത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് എഴുതുക എന്നാണ് 2019 ൽ നടന്ന പരീക്ഷയിലെ പാർട്ട് എ യിലെ ആദ്യ ചോദ്യം.
ഇന്നലെ(24.08.2022) നടന്ന പരീക്ഷയിൽ ആകട്ടെ നരവംശ ശാസ്‌ത്രവും വിദ്യാഭ്യാസവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് എഴുതാനുമാണ് പറഞ്ഞത്. ഉപയോഗിച്ച വാക്കുകൾ വ്യത്യസ്‌തമാണ് എന്നത് മാത്രമാണ് രണ്ട് ചോദ്യ പേപ്പറുകൾ തമ്മിൽ ആകെയുള്ള വ്യത്യാസം. ബാക്കി എല്ലാ ചോദ്യങ്ങളും ഒരു അക്ഷരം പോലും മാറ്റം ഇല്ലാതെ 2019 ലെ തനിയാവർത്തനമാണ്.
ചോദ്യങ്ങൾ ആവർത്തിച്ച സാഹചര്യത്തിൽ പരീക്ഷ റദ്ദാക്കുമോ എന്നതടക്കമുള്ള എന്ത് നടപടിയാണ് കാലിക്കറ്റ് സര്‍വകലാശാല സ്വീകരിക്കുക എന്നാണ് വിദ്യാർഥികളും അധ്യാപകരും ഉറ്റുനോക്കുന്നത്. ചോദ്യ പേപ്പർ ആവർത്തിക്കുന്നത് കാലിക്കറ്റ് സര്‍വകലാശാലയിൽ ഇത് ആദ്യമല്ല. നേരത്തെയും ഇത്തരം ഗുരുതര വീഴ്‌ചകൾ കാലിക്കറ്റ് സര്‍വകലാശാലയ്‌ക്ക് സംഭവിച്ചിട്ടുണ്ട്.