മലപ്പുറം: പർദ്ദയും കള്ളവോട്ടും തമ്മിൽ ബന്ധിപ്പിച്ച സിപിഎം നിലപാട് മോശമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പരാമർശം മുസ്ലിം വിഭാഗത്തെ അപമാനിക്കുന്നതാണ്. ദുരുദ്ദേശത്തോടെയുള്ള വളരെ നിരുത്തരവാദപരമായ പ്രസ്താവനയാണിതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർത്തും. കാലാകാലങ്ങളായി കണ്ണൂർ ഭാഗത്ത് കള്ളവോട്ട് നടത്തുന്നത് ആരാണെന്ന് കേരളത്തിനറിയാമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു .
പർദ്ദ ധരിച്ച് വോട്ട് ചെയ്യാൻ വരുന്നവർ മുഖാവരണം മാറ്റണമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞിരുന്നു. കള്ളവോട്ട് തടയുന്നതിനായി മുഖാവരണം മാറ്റി വോട്ടർമാരെ തിരിച്ചറിയുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന് എം വി ജയരാജൻ പരാതി നൽകുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം .