മലപ്പുറം: 50 അടി താഴ്ചയുള്ള കിണറ്റില്‍ വീണ ഒന്നര വയസ്സുകാരനെ രക്ഷപ്പെടുത്തി. മഞ്ചേരി തൃക്കലങ്ങോട് പഞ്ചായത്തിലെ ചീനിക്കലിൽ ചെറുകാട് ഹബീബു റഹ്മാന്‍റെ മകന്‍ മാലിക് അഹമ്മദാണ് കിണറ്റിൽ വീണത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെ വീട്ടുമുറ്റത്തെ കിണറ്റിലാണ് കുട്ടി അബദ്ധത്തില്‍ വീണത്. സംഭവം കണ്ട ഉടന്‍ കുട്ടിയുടെ സഹോദരന്‍ കിണറ്റിലേക്ക് എടുത്ത് ചാടി. 12 അടി വെള്ളമുള്ള കിണറ്റില്‍ വീണ കുട്ടിയെ പിടി കിട്ടിയെങ്കിലും സഹോദരന് മുകളിലേക്ക് കയറ്റാന്‍ കഴിഞ്ഞില്ല. തുടർന്ന് പിതാവ് ഹബീബു റഹ്മാനും കിണറ്റിൽ ഇറങ്ങി. എന്നാൽ മൂവർക്കും കിണറ്റിൽ നിന്നും കയറുവാൻ സാധിച്ചില്ല.
തുടര്‍ന്ന് മഞ്ചേരി ഫയര്‍സ്റ്റേഷന്‍ ഓഫീസര്‍ പ്രദീപ് പാമ്പലത്തിന്‍റെ നേതൃത്വത്തിലുള്ള ഫയർ ഫോഴ്സ് എത്തി മൂന്ന് പേരെയും മുകളിലേക്ക് കയറ്റി. കുഞ്ഞിനെ ഉടന്‍ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കിണറ്റില്‍ വീണ കുട്ടിയെ തൽക്ഷണം കിണറ്റിലേക്ക് എടുത്ത് ചാടി രക്ഷിച്ച 19കാരന്‍റെ ധീരതയാണ് കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാന്‍ കാരണമായതെന്ന് മഞ്ചേരി ഫയർഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.