മലപ്പുറം: പന്താവൂരില്‍ കൊല്ലപ്പെട്ട ഇർഷാദിന്‍റെ മൃതദേഹം കണ്ടെത്തി. നീണ്ട 16 മണിക്കൂർ തിരച്ചിലിനൊടുവിലാണ് നടുവട്ടം പൂക്കരത്തറ കിണറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. ഇർഷാദിന്‍റെ മൃതദേഹം തള്ളിയെന്ന് പ്രതികൾ പറഞ്ഞ കിണറ്റിൽ ഇന്നലെ പകൽ മുഴുവൻ തിരഞ്ഞിട്ടും മൃതദേഹം കണ്ടെത്തിയിരുന്നില്ല.
ഇർഷാദിനെ വീട്ടില്‍ നിന്നിറക്കി കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം നടുവട്ടം പൂക്കരത്തറയിലെ മാലിന്യങ്ങൾ തള്ളുന്ന കിണറ്റില്‍ ഉപേക്ഷിച്ചുവെന്നാണ് പ്രതികളായ സുബാഷും എബിനും പറഞ്ഞത്. ഇതേതുടർന്ന് ഇന്നും മാലിന്യം നീക്കി കിണറ്റില്‍ തിരച്ചില്‍ തുടരുകയായിരുന്നു.
ഇക്കഴിഞ്ഞ ജൂൺ 11നാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. സുഹൃത്തുക്കളായിരുന്ന ഇർഷാദും പ്രതികളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തില്‍ കലാശിച്ചത്. സ്വർണ വിഗ്രഹം നല്‍കാം എന്ന് പറഞ്ഞ് പ്രതികൾ ഇർഷാദില്‍ നിന്നും കൈപ്പറ്റിയ അഞ്ച് ലക്ഷം രൂപ തിരിച്ചു നല്‍കേണ്ടി വരുമെന്നതിനാലാണ് ഇർഷാദിനെ കൊലപ്പെടുത്തിയത് എന്ന് പ്രതികൾ മൊഴി നല്‍കിയിരുന്നു. ആറ് മാസം മുമ്പാണ് ഇർഷാദിനെ കാണാതായത്. തുടർനടപടികൾക്കായി മൃതദേഹം തൃശൂർ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.