മലപ്പുറം: യുഎഇയില്‍ പാര്‍പ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച വേങ്ങര സ്വദേശികളായ ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. ചേറൂര്‍ ചണ്ണയില്‍ കാളങ്കാടന്‍ റിജേഷ്, ഭാര്യ ജിഷി എന്നിവരുടെ മൃതദേഹമാണ് സംസ്‌കരിച്ചത്. രാവിലെ 9 മണിയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ഉച്ചയ്‌ക്ക് ഒരു മണിയോടെ ചേറൂരിലെ കുടുംബ ശ്‌മശാനത്തിലാണ് സംസ്‌കരിച്ചത്.
ദുബായിലെ ഡ്രീം ലൈന്‍ ട്രാവല്‍സ് എന്ന സ്ഥാപനത്തില്‍ മാനേജറായി ജോലി ചെയ്യുകയായിരുന്നു റിജേഷ്. ഭാര്യ ജിഷി ദുബായ് ഖിസൈസ് ക്രസന്‍റ് സ്‌കൂളിലെ അധ്യാപികയുമാണ്. നാട്ടില്‍ പുതുതായി നിര്‍മിച്ച വീടിന്‍റെ പാലുകാച്ചല്‍ ചടങ്ങിന് വരാനിരിക്കെയാണ് അപകടം. പാര്‍പ്പിട സമുച്ചയത്തില്‍ തീപിടിത്തമുണ്ടായതോടെ പുക ശ്വസിച്ചാണ് ദമ്പതികള്‍ മരിച്ചത്.
ഇക്കഴിഞ്ഞ ശനിയാഴ്‌ചയാണ് ദുബായ്‌യിലെ ദേര ഫിര്‍ജ് മുറാറിലെ കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. തമിഴ്‌നാട് സ്വദേശികളടക്കം 16 പേരാണ് അപകടത്തില്‍ മരിച്ചത്. തീപിടിത്തത്തില്‍ പരിക്കേറ്റവരെ ദുബായ് റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കെട്ടിടത്തിന്‍റെ നാലാം നിലയിലാണ് തീപിടിത്തമുണ്ടായത്. തുടര്‍ന്ന് മറ്റിടങ്ങളിലേക്ക് തീ പടരുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് ലഭിക്കുന്ന വിവരം. രക്ഷപ്രവര്‍ത്തത്തിന് സ്ഥലത്തെത്തിയ സെക്യൂരിറ്റി ഗാര്‍ഡും അപകടത്തില്‍പ്പെട്ട് മരിച്ചു.