മലപ്പുറം: വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഓസ്ട്രേലിയയിൽ നിന്നും ഇറക്കുമതി ചെയ്‌ത സവാള ജില്ലയിലെ സപ്ലൈകോ ഔട്ട്ലെറ്റുകൾ വഴി വിതരണത്തിനെത്തി. പൊതുവിപണിയിൽ സവാളയുടെ വില കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് നാഫെഡ് മുഖേന സപ്ലൈകോ സംഭരിച്ച സവാള വിതരണത്തിനെത്തിയത്. ഓരോ ജില്ലകൾക്കും അഞ്ച് മെട്രിക് ടൺ വീതമാണ് അനുവദിച്ചിട്ടുള്ളത്. പരീക്ഷണാടിസ്ഥാനത്തിൽ ജില്ലയിലേക്കായി 5,000 കിലോഗാം സവാള ചൊവ്വാഴ്‌ച എത്തിച്ചു.
പെരിന്തൽമണ്ണ താലൂക്ക് ഡിപ്പോയിലാണ് സവാള സംഭരിച്ചിട്ടുള്ളത്. ഇവിടെ നിന്നും അതത് താലൂക്ക് ഡിപ്പോകളിലേക്ക് കൊണ്ടുപോകും. മഞ്ചേരി, പൊന്നാനി, തിരൂർ ഡിപ്പോകൾക്ക് ഇന്നലെ കൈമാറി. അവശേഷിച്ച ഡിപ്പോകൾക്ക് നാളെ കൈമാറും. ഔട്ട്ലെറ്റുകളിൽ ഒരു കിലോഗ്രാം 90 രൂപക്കും ക്രിസ്‌മസ് ചന്തകളിൽ 85 രൂപക്കുമാണ് വിൽക്കുക. ഉപഭോക്താവിന് ഒറ്റ തവണ പരമാവധി രണ്ട് കിലോഗ്രാം ലഭിക്കും. തെരഞ്ഞെടുക്കപ്പെട്ട ഔട്ട്ലെറ്റുകളിലൂടെ മാത്രമാണ് വിതരണം. പെരിന്തൽമണ്ണ താലൂക്കിൽ ഇന്നലെ തന്നെ വിതരണം തുടങ്ങി. ക്രിസ്‌മസ് അവധിക്ക് ശേഷം മറ്റ് താലൂക്കുകളിൽ നാളെ മുതലാവും സവാള വിതരണം കാര്യക്ഷമമാകുക.