മലപ്പുറം: ഏഴു പതിറ്റാണ്ട് നീണ്ട രാഷ്‌ട്രീയ ജീവിതം, മൂന്ന് മന്ത്രിസഭകളില്‍ അംഗം, എട്ട് തവണ നിലമ്പൂര്‍ എംഎല്‍എ, വിവാദമായ സഖാവ് കുഞ്ഞാലി വധക്കേസ്. മലബാറില്‍ കോൺഗ്രസിന്‍റെ മുഖവും ശബ്‌ദവുമായിരുന്ന ആര്യാടൻ മുഹമ്മദ് വിടപറയുമ്പോൾ നഷ്‌ടം കോൺഗ്രസിന് മാത്രമല്ല. സ്കൂൾ ഫുട്‌ബോൾ താരത്തില്‍ നിന്ന് ട്രേഡ് യൂണിയൻ നേതാവായും പിന്നീട് കോൺഗ്രസ് രാഷ്‌ട്രീയത്തിലെ അതികായനായും വളർന്ന ആര്യാടൻ മുഹമ്മദ് എക്കാലവും വിവാദങ്ങളെയും ഒപ്പം കൂട്ടിയിരുന്നു.
നിലമ്പൂരിന്‍റെ കുഞ്ഞാക്ക: കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ശക്തമായ വേരോട്ടമുണ്ടായിരുന്ന നിലമ്പൂരില്‍ ശക്തമായ രാഷ്ട്രീയ പോരാട്ടമൊരുക്കിയാണ് ആര്യാടൻ മുഹമ്മദ് എന്ന പേര് രാഷ്ട്രീയ കേരളത്തില്‍ എഴുതിച്ചേർത്തത്. വിട്ടുവീഴ്‌ചയില്ലാത്ത നിലപാടുകളും സന്ധിയില്ലാത്ത രാഷ്ട്രീയ വർത്തമാനവും നിറഞ്ഞ ചിരിയുമായി നിറഞ്ഞുനിന്ന ആര്യാടൻ മുഹമ്മദ് വിടപറയുമ്പോൾ ഏത് രാത്രിയിലും കയറിച്ചെല്ലാനും പരാതിയും പ്രശ്‌നങ്ങളും പറയാനുമുള്ള ഇടം കൂടിയാണ് നിലമ്പൂരിന് നഷ്‌ടമായത്.
മലപ്പുറത്തെ ഒറ്റപ്പേര്: മലബാറില്‍ കോൺഗ്രസിന് വേരോട്ടമുണ്ടാക്കിയ നേതാക്കളില്‍ എന്നും മുന്നിലാണ് ആര്യാടൻ എന്ന പേര്. കോൺഗ്രസിന്‍റെ ഏറ്റവും വലിയ സഖ്യകക്ഷിയായ മുസ്ലീംലീഗിനോട് രാഷ്ട്രീയമായി ഏറ്റുമുട്ടിയാണ് ആര്യാടൻ മുഹമ്മദ് എന്നും നിലമ്പൂരിനെ ഒപ്പം ചേർത്തുപിടിച്ചത്. കോൺഗ്രസിന് പോലും പാണക്കാട് തങ്ങൾ അവസാന വാക്കാകുമ്പോൾ ആര്യാടൻ കലഹിച്ചു നിന്നു.
ലീഗിന്‍റെ വളർച്ച ഏറ്റവുമധികം തിരിച്ചടിയാകുന്നത് കോൺഗ്രസിനാണെന്ന് ആര്യാടൻ മുഹമ്മദ് എന്നും സ്വന്തം പാർട്ടിയെ ഓർമിപ്പിച്ചിരുന്നു. പക്ഷേ കലഹവും വിമർശനവും തുടരുമ്പോഴും തെരഞ്ഞെടുപ്പുകളില്‍ ലീഗ് ആര്യാടന് ഒപ്പമായിരുന്നു. അതായിരുന്നു ശരിക്കും നിലമ്പൂരിന്‍റെ സ്വന്തം ആര്യാടൻ മുഹമ്മദിന്‍റെ ശക്തിയും. പലപ്പോഴും മതം രാഷ്ട്രീയത്തെ നിയന്ത്രിക്കാൻ ശ്രമിച്ചപ്പോൾ ആര്യാടൻ ശരിക്കും കോൺഗ്രസായി. ഇടതു പക്ഷത്തോട് ആശയപരമായ വിയോജിപ്പ് നിലനില്‍ക്കുമ്പോഴും 1980ല്‍ ഇ കെ നായനാര്‍ മന്ത്രിസഭയില്‍ തൊഴില്‍, വനം വകുപ്പ് മന്ത്രിയായിരുന്നു ആര്യാടന്‍.
തോറ്റുതുടങ്ങിയത് ജയിക്കാൻ മാത്രം: 1952ല്‍ കോണ്‍ഗ്രസ് അംഗമായ ആര്യാടന്‍ മുഹമ്മദ് 1959ല്‍ വണ്ടൂര്‍ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. 1960ല്‍ കോഴിക്കോട് ജില്ല കമ്മിറ്റി സെക്രട്ടറിയായി. 1965ല്‍ മുപ്പതാം വയസില്‍ ആദ്യ നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ കുഞ്ഞാലിയോട് പരാജയമേറ്റുവാങ്ങിയാണ് ആര്യാടൻ തെരഞ്ഞെടുപ്പ് രംഗത്തേക്ക് വരുന്നത്. 1967ല്‍ വീണ്ടും നിലമ്പൂരില്‍ കുഞ്ഞാലിയോട് തോല്‍വി.
അതിനിടെ പൊന്നാനിയില്‍ നിന്ന് ലോക്‌സഭയിലേക്കും മത്സരിച്ച് പരാജയമറിഞ്ഞു. 1977ലാണ് ആര്യാടൻ മുഹമ്മദ് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ച് ജയിക്കുന്നത്. 1982ല്‍ ടികെ ഹംസയോട് പരാജയപ്പെട്ടു. പിന്നീട് നിലമ്പൂർ ആര്യാടനെ കൈവിട്ടില്ല. 1987 മുതല്‍ 2011 വരെ തുടർച്ചയായി ആര്യാടന്‍റേത് മാത്രമായിരുന്നു നിലമ്പൂർ മണ്ഡലം. 2016ല്‍ മകൻ ആര്യാടൻ ഷൗക്കത്തിന് മത്സരിക്കാൻ മണ്ഡലം കൈമാറിയപ്പോൾ എല്‍ഡിഎഫ് സ്വതന്ത്രൻ പിവി അൻവറാണ് നിലമ്പൂരില്‍ ജയിച്ചത്.
സഖാവ് കുഞ്ഞാലി വെടിയേറ്റ് മരിക്കുമ്പോൾ: 1965, 67 തെരഞ്ഞെടുപ്പുകളില്‍ ആര്യാടന്‍ മുഹമ്മദിനെ തോല്‍പ്പിച്ച് നിയമസഭയിലെത്തിയ സഖാവ് കുഞ്ഞാലിയായിരുന്നു നിലമ്പൂർ രാഷ്ട്രീയത്തിലെ അവസാന വാക്ക്. എന്നാല്‍ 1969 ജൂലൈ 26ന് നിലമ്പൂർ എസ്റ്റേറ്റില്‍ വെച്ച് കുഞ്ഞാലി വെടിയേറ്റ് മരിച്ചപ്പോൾ സംശയവും ആരോപണങ്ങളും ആര്യാടന് നേരേ നീണ്ടു.
കേസില്‍ ആര്യാടന്‍ മുഹമ്മദിന് സുപ്രധാനമായ പങ്കുണ്ടെന്ന് അന്ന് ആരോപണം ഉയര്‍ന്നിരുന്നു. കുഞ്ഞാലി വധക്കേസില്‍ നിന്ന് ആര്യാടനെ രക്ഷിക്കാന്‍ ഇന്ദിരാഗാന്ധി ഇടപെട്ടു എന്ന ആരോപണവും അദ്ദേഹത്തെ വലിയ വിവാദത്തിലാക്കി. എന്നാല്‍ കേസില്‍ ആര്യാടനെ കുറ്റവിമുക്തനാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിറക്കുകയാണ് ഉണ്ടായത്.
ഏറ്റവും ഒടുവില്‍ സോളാർ കേസിലും ആര്യാടൻ മുഹമ്മദിന്‍റെ പേര് ചർച്ചകളില്‍ നിറഞ്ഞു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും സോളാർ കേസിലെ ആരോപണം പാർട്ടിയില്‍ തന്നെ ചർച്ചയായതോടെ പിൻവാങ്ങി. അവസാന നാളുകളില്‍ ഹൃദ്‌രോഗത്തിനൊപ്പം ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. രണ്ടാഴ്‌ച നീണ്ട ചികിത്സക്കൊടുവില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
Also Read: മുൻമന്ത്രി ആര്യാടൻ മുഹമ്മദ് അന്തരിച്ചു