മലപ്പുറം: കേരളത്തിലെ നിർമാണ തൊഴിലാളികൾ നേരിടുന്നത് കടുത്ത പ്രതിസന്ധിയെന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദ്. ബിൽഡിങ് ആൻഡ് റോഡ് വർക്കേഴ്‌സ് ഫെഡറേഷൻ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്‍റ് പി.എം.മുഹമ്മദ് ഹനീഫ നയിക്കുന്ന നിർമാണ തൊഴിലാളി ക്ഷേമനിധി സംരക്ഷണ ജാഥക്ക് നിലമ്പൂരില്‍ നല്‍കിയ സ്വീകരണയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1998-99 കാലഘട്ടത്തിലാണ് ഇതിന് മുമ്പ് നിർമാണമേഖലയിൽ കടുത്ത പ്രതിസന്ധി നേരിട്ടത്. ഇന്ന് അതിലും വലിയ പ്രതിസന്ധിയാണ്. രാജ്യത്ത് ഏറ്റവും തൊഴിലില്ലായ്‌മയുള്ള സംസ്ഥാനമായി കേരളം മാറി കഴിഞ്ഞു. സംസ്ഥാനത്ത് മുമ്പെങ്ങുമില്ലാത്ത വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. രാജ്യം 45 വർഷം പിന്നോട്ടുപോയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ സാഹചര്യത്തിൽ നിർമാണ തൊഴിലാളികളുടെ പ്രശ്‌നങ്ങൾക്ക് നടപടി സ്വീകരിക്കാതെ വൻ കോർപ്പറേറ്റുകൾക്ക് ആനുകൂല്യങ്ങൾ അനുവദിക്കുകയാണ് സർക്കാർ ചെയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെസ് കുടിശിക പിരിച്ചെടുക്കുക, പെൻഷൻ തുക 5000 രൂപയായി വർധിപ്പിക്കുക, ഇഎസ്ഐ നടപ്പിലാക്കുക, ആനൂകൂല്യങ്ങൾ വര്‍ധിപ്പിക്കുക, ക്ഷേമനിധി സംരക്ഷിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജാഥ നടത്തുന്നത്. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ.ബാലകൃഷ്‌ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.