മലപ്പുറം: ശബരിമല നിയമനിർമ്മാണത്തിന് എൽഡിഎഫിനെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ്. ആത്മാര്‍ഥതയുണ്ടെങ്കില്‍ ശബരിമലയില്‍ ആചാര സംരക്ഷണ നിയമനിര്‍മ്മാണം നടത്താനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറാകേണ്ടതെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ ശബരിമല വിഷയത്തിൽ ആചാര സംരക്ഷണത്തിന് നടപടി ഉണ്ടാകും. ജില്ലയിൽ മുസ്ലീം ലീഗ്-കോൺഗ്രസ് സീറ്റുധാരണ ചർച്ച നടന്നിട്ടില്ല. ഐശ്വര്യ കേരള യാത്രക്കിടയിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലമ്പൂരിൽ ഉൾപ്പെടെ നിലവിൽ ജില്ലയിൽ നിന്നും കോൺഗ്രസ് മത്സരിക്കുന്ന നാല് സീറ്റിലും വിജയ സാധ്യതയുണ്ട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ആയിരത്തോളം വോട്ടുകളുടെ ലീഡ് യുഡിഎഫിനാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 61,000 വോട്ടുകൾ ലീഡ് നേടി. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്നും ആര്യാടൻ മുഹമ്മദ് പറഞ്ഞു.