മലപ്പുറം: ഇനിയുള്ള കാലം അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങാൻ കഴിയുമെന്ന ആശ്വാസത്തിലാണ് കൃഷ്ണൻകുട്ടിയും ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബം. ഏറെകാലമായി അരീക്കോട് ഗ്രാമപഞ്ചായത്തിലെ ചെമ്പറമ്പിൽ, കാറ്റടിച്ചാൽ ഏതുനിമിഷവും മേൽക്കൂര ഉൾപ്പെടെ തകരുന്ന അവസ്ഥയിലുള്ള വീട്ടിലായിരുന്നു കൃഷ്ണൻകുട്ടിയും കുടുംബവും. നിരവധി ആളുകളെ കൃഷ്ണൻകുട്ടി ഒരു വീടിനായി സമീപിച്ചെങ്കിലും അതുനടന്നില്ല. കൂലിപ്പണിക്കാരനായ കൃഷ്ണൻകുട്ടിയ്ക്ക് സ്വന്തമായും സാധിച്ചില്ല. എന്നാൽ, അദ്ദേഹത്തിന്‍റെയും കുടുംബത്തിന്‍റെയും വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള ഒരുക്കത്തിലാണ് എസ്.എച്ച്.ഒ ഉമേഷിന്‍റെ നേതൃത്വത്തിൽ അരീക്കോട് ജനമൈത്രി പൊലീസ്.
യുവാവിന് പ്രായശ്ചിത്തം, കൃഷ്ണന്‍കുട്ടിയ്ക്ക് വീട്; ഒരു ഫ്ളാഷ് ബാക്ക്
ഇക്കഴിഞ്ഞ മെയ് 27-ന് അരീക്കോട് ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് നായയും കുഞ്ഞുങ്ങളും ഭക്ഷണം കഴിക്കുന്നതിനിടയിൽ അപകടത്തിൽപ്പെട്ട്, ഒരു നായക്കുഞ്ഞിനു ജീവൻ നഷ്ടമായിരുന്നു. സംഭവത്തില്‍ ഒരു വാഹനവുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ ചില ഫോട്ടോകൾ പ്രചരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ അരീക്കോട് പൊലീസ് നടത്തിയ അന്വേഷണത്തിൽ വാഹനം കണ്ടെത്തുകയും കാവനൂർ സ്വദേശിയായ ഡ്രൈവറെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തു. യുവാവിനോട് സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ അപകടവിവരം അറിഞ്ഞിരുന്നില്ല എന്നായിരുന്നു വിശദീകരണം.ഇതുമായി ബന്ധപ്പെട്ട് പ്രായശ്ചിത്തമായി കാരുണ്യ പ്രവര്‍ത്തനം ചെയ്യാൻ അരീക്കോട് പൊലീസ് ആവശ്യപ്പെട്ടു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരു കുടുംബത്തിന് മേൽക്കൂര നിർമ്മിച്ചു നൽകാൻ പൊലീസ് ആവശ്യപ്പെട്ടുകയും യുവാവ് നിറഞ്ഞ മനസ്സോടെ അത് സ്വീകരിയ്ക്കുകയായിരുന്നു.
കൂട്ടായ്മയുടെയും പൊലീസിന്‍റെയും പിന്തുണ
പൊലീസ് മേല്‍ക്കൂര നന്നാക്കി നല്‍കാന്‍ ആവശ്യപ്പെട്ട വീടിന്‍റെ ശോചനീയാവസ്ഥ മനസ്സിലാക്കി വീട് പൂർണമായും പൊളിച്ച് മറ്റൊരു വീട് നിർമ്മിച്ചു നൽകാൻ ഡ്രൈവറായ യുവാവ് തയ്യാറായി. ഇതിനു നന്മ കൂട്ടായും പിന്തുണയേകി. വീടുപണിയ്ക്കായി സാധനങ്ങൾ വാങ്ങാൻ അരീക്കോട് ജനമൈത്രി പൊലീസും തയ്യാറായതോടെയാണ് കൃഷ്ണൻകുട്ടിയുടെ ഏറെ നാളത്തെ സ്വപ്നം യാഥാര്‍ഥ്യമാകാനൊരുങ്ങുന്നത്. അരീക്കോട്ടെ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും വീട് നിർമാണം ഉടൻ ആരംഭിക്കുമെന്നും നാല് ലക്ഷം രൂപ ഇതിനകം ലഭിച്ചിട്ടുണ്ടെന്ന് കുടുംബത്തെ അറിയിക്കുകയും ചെയ്തു. ബാക്കി പണം ഉടൻ തന്നെ കണ്ടെത്തി വീട് പണി പൂർത്തിയാക്കുമെന്ന് കുടുംബത്തിന് അരീക്കോട് എസ്.എച്ച്.ഒ എ ഉമേഷ് വാക്കു നൽകി. സിവിൽ പൊലീസ് ഓഫീസർമാരായ സുബ്രഹ്മണ്യൻ, സാലിഷ് കുമാർ എന്നിവരും എസ്.എച്ച്.ഒ എ ഉമേഷിനൊപ്പം വീട് സന്ദര്‍ശിച്ചു. നന്മ കൂട്ടായ്മയുടെ പ്രവർത്തക്കാരായ മുജീബ്, അബ്‌ദു റഹ്മാൻ, ഷറഫു, മുഹമ്മദ് കാസീം എന്നിവരും ഉണ്ടായിരുന്നു.
ALSO READ: ചാലിയാർ കവിഞ്ഞാൽ ഊരുകള്‍ ഒറ്റപ്പെടും ; കാലവര്‍ഷമെത്തുമ്പോഴും അനങ്ങാതെ അധികൃതര്‍