മലപ്പുറം: നിലമ്പൂരിൽ സ്ഥാനാർത്ഥിത്വം ഉറപ്പാക്കാൻ 18 അടവും പയറ്റി വി.വി.പ്രകാശും ആര്യാടൻ ഷൗക്കത്തും. ഒരിക്കൽ കൂടി മത്സരിക്കാൻ നിലമ്പൂരിൽ അവസരം ലഭിക്കണമെന്ന ആവശ്യമാണ് ആര്യാടൻ ഷൗക്കത്ത് മുന്നോട്ട് വെയ്ക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 11504 വോട്ടിനാണ് എൽഡിഎഫിന്‍റെ പിവി അൻവർ ആര്യാടൻ ഷൗക്കത്തിനെ പരാജയപ്പെടുത്തിയത്.
പിതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിനെ മുന്നിൽ നിറുത്തിയാണ് സീറ്റിനായുള്ള വിലപേശൽ ആര്യാടൻ ഷൗക്കത്ത് ശക്തമാക്കുന്നത്. ജില്ലയിലെ തല മുതിർന്ന നേതാവ് എന്ന നിലയിൽ ആര്യാടൻ മുഹമ്മദിന്‍റെ വാക്കുകൾ തള്ളാൻ കെ.പി.സി.സി.നേതൃത്വവും തയ്യാറാകില്ലെന്നും ഷൗക്കത്തിനെ പിന്തുണക്കുന്നവർ വാദിക്കുന്നു. എ.ഐ.സി.സി.ജനറൽ സെക്രട്ടറിയും രാഹുൽ ഗാന്ധിയുടെ വിശ്വസ്‌തനുമായ കെ.സി.വേണുഗോപാൽ മുഖേനയാണ് ഷൗക്കത്ത് കരുക്കൾ നീക്കുന്നത്. പാർട്ടിയിൽ മെച്ചപ്പെട്ട സ്ഥാനങ്ങൾ ഇല്ലാത്തതിനാൽ നിലമ്പൂരിൽ ഉൾപ്പെടെ പൊതുവേദികളിൽ ആര്യാടൻ ഷൗക്കത്തിന് അവസരങ്ങൾ ലഭിക്കുന്നുമില്ല.
എന്നാൽ ഇക്കുറി നിലമ്പൂർ സീറ്റിന്‍റെ കാര്യത്തിൽ വിട്ടുവീഴ്ച്ചക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഡി.സി.സി പ്രസിഡന്‍റ് വി.വി.പ്രകാശ്. 2016ൽ ഡൽഹിയിൽ എ.കെ.ആന്‍റണിയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയുടെ അവസാന നിമിഷമാണ് വി.വി.പ്രകാശിന് ആര്യാടൻ ഷൗക്കത്തിന് വേണ്ടി മത്സര രംഗത്തു നിന്നും പിൻമാറേണ്ടി വന്നത്. 202l -ൽ വി.വി.പ്രകാശിന് സീറ്റ് എന്നതായിരുന്നു അന്നത്തെ ധാരണ.അതിനാൽ തന്നെ ഇക്കുറി വി.വി.പ്രകാശിന് തന്നെയാണ് നിലവിൽ മുൻതൂക്കം. കഴിഞ്ഞ തവണത്തെ ആര്യാടൻ ഷൗക്കത്തിന്‍റ പരാജയവും വിവി പ്രകാശിന് ആയുധമാവും. ആര്യാടൻ ഷൗക്കത്തിന് തവനൂർ നൽകുന്ന കാര്യം പരിഗണിച്ചെക്കിലും കെ.പി.സി.സി സെക്രട്ടറി അബ്‌ദുൾ മജീദ് ഉൾപ്പെടെ തവനൂരിനായി രംഗത്തുണ്ട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ നിലമ്പൂർ നഗരസഭയിൽ യു.ഡി.എഫിനുണ്ടായ കനത്ത പരാജയം ആര്യാടൻ ഷൗക്കത്തിന് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്. ആര്യാടൻ മുഹമ്മദ് ആര്യാഡൻ ഷൗക്കത്ത്, ഇവരുടെ വിശ്വസ്‌തനും നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റുമായ എ. ഗോപിനാഥ് എന്നിവർ ചേർന്ന സംഘമാണ് സ്ഥാനാർത്ഥി നിർണയം നടത്തിയത്. ഇതിൽ ഗോപിനാഥ് ഉൾപ്പടെ പരാജയപ്പെടുകയും 20 വർഷത്തിന് ശേഷം യു.ഡി.എഫിന് നിലമ്പൂർ നഗരസഭാ ഭരണം നഷ്‌ടമാവുകയും ചെയതു.
നിലമ്പൂരിലെ സ്ഥാനാർത്ഥിത്വം വിവി പ്രകാശിന്‍റെ രാഷ്‌ട്രീയ ഭാവിക്ക് നിർണായകമാണ്. മുസ്ലീം ലീഗ് നേതൃത്വവുമായുള്ള നല്ല ബന്ധവും വി.വി.പ്രകാശിന്‍റെ സാധ്യത വർദ്ധിപ്പിക്കും. വി.വി.പ്രകാശ് ഡി.സി.സി പ്രസിഡന്‍റായ ശേഷം ജില്ലയിൽ ലീഗ്- കോൺഗ്രസ് തർക്കം നിലനിന്ന ഭൂരിഭാഗം പഞ്ചായത്തുകളിലും ഐക്യം ഉണ്ടാക്കിയിരുന്നു. എന്തായാലും നിലമ്പൂർ സീറ്റിനായി വി.വി.പ്രകാശും ആര്യാടൻ ഷൗക്കത്തും കളത്തിലിറക്കിയതോടെ രണ്ടാം പ്രാവിശ്യവും വി.വി.പ്രകാശിനെ അട്ടിമറിച്ച് ആര്യാടൻ ഷൗക്കത്ത് സ്ഥാനാർത്ഥിയാകുമോ എന്നറിയാൻ കാത്തിരിക്കേണ്ടി വരും.