മലപ്പുറം: തിരുനാവായയിൽ കൃഷിയിടത്തിൽ മധ്യവയസ്‌കൻ മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ പൊള്ളലേറ്റത് വെയിലത്ത് കിടന്നതിനാലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സൂര്യതാപത്തെത്തുടര്‍ന്ന് പൊള്ളലേറ്റാണ് മരണമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. 43കാരനായ കുറ്റിയത്ത് സുധികുമാറിനെയാണ് കഴിഞ്ഞ ദിവസം പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ആറ് മണി മുതൽ ജോലിക്കാർക്കൊപ്പം സുധികുമാറും കൃഷിയിടത്തിൽ ജോലി ചെയ്തിരുന്നു. ഒൻപത് മണിയോടെ മറ്റുള്ളവർ ജോലി നിർത്തി തിരികെ കയറിയെങ്കിലും സുധികുമാർ ജോലി തുടർന്നു.
പിന്നീട് സുധികുമാറിനെ കാണാതായതോടെ മറ്റുള്ളവർ ഫോണിൽ വിളിച്ചെങ്കിലും ബന്ധപ്പെടാൻ സാധിച്ചില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൃഷിയിടത്തിൽ വീണുകിടക്കുന്ന രീതിയിൽ സുധികുമാറിനെ കണ്ടെത്തിയത്. ശരീരം പൊള്ളലേറ്റ് കരുവാളിച്ച നിലയിലായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണ കാരണം സൂര്യതാപം ഏറ്റാണെന്ന് പറയാനാകില്ലെന്ന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞിരുന്നു.