മലപ്പുറം: രാത്രികാലങ്ങളിൽ നാട്ടിൻപുറങ്ങളെ ഭീതിയിലാഴ്ത്തി അജ്ഞാത മനുഷ്യൻ. അമരമ്പലം പഞ്ചായത്തിലും കരുളായി പഞ്ചയത്തിലുമാണ് കറുത്ത രൂപം അളുകളുടെ മുന്നിലെത്തി ഓടി മറയുന്നത്. രാത്രി കാലങ്ങളിൽ വീടുകളിൽ എത്തി വാതിലുകളിലും ജനലുകളിലും മുട്ടിയും വാഹനങ്ങൾക്ക് മുന്നിൽ നിന്നുമാണ് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നത്.
കറുത്ത രൂപമാണന്നും കൈയ്യിൽ ഇരുമ്പുദണ്ഡ് പോലെ ഒരു വടി ഉള്ളതായും അജ്ഞാതനെ കണ്ടു എന്നവകാശപ്പെടുന്നവർ പറയുന്നു. പല സാഹചര്യത്തിൽ നിരവധി പേരാണ് ഈ അജ്ഞാതനെ കണ്ടത്. കഴിഞ്ഞ ദിവസം നരി പൊയിൽ ഒരു ഒരു വീട്ടിലെത്തി യുവതിയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് അജ്ഞാതൻ മറഞ്ഞു എന്നാൽ ഇരുട്ടിൽ അജ്ഞാതൻ്റെ കൈയിലെ സ്റ്റീൽ നഖം കണ്ടതായും യുവതി പറയുന്നു. പിടികൂടാനായി പല സ്ഥലങ്ങളിലും നാട്ടുകാരുടെ നേതൃത്വത്തിൽ രാത്രി കാവൽ ആരംഭിച്ചിട്ടുണ്ടെങ്കിലും പിടികൂടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. നുറുങ്ങ് വെട്ടത്തിൽ ദൂരെ നിന്ന് ഒരാൾ വരുന്നത് കാണുമെങ്കിലും അടുത്ത് എത്തുന്നതോടെ ഓടി മറയുകയാണ് അജ്ഞാതൻ്റെ രീതി.
മാവോയിസ്റ്റ് ഭീഷണിയുള്ള പൊലീസ് സ്റ്റേഷനായതിനാൽ അജ്ഞാതനെ പിടികൂടാൻ കഴിയാത്തത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നുണ്ട്. എന്നാൽ ലോക്ക് ഡൗൺ പശ്ചത്താലത്തിൽ രാത്രി കാലങ്ങളിൽ ബ്ലാക്ക് മാനെ പിടികൂടാൻ പുറത്തിറങ്ങുന്ന ആളുകൾക്കെതിരെ പൊലീസ് നടപടി എടുക്കുന്നുണ്ട്. ആളുകളെ ഭീതിയിലാഴ്ത്തുന്ന അജ്ഞാതനെ പിടികൂടാനുള്ള നടപടികൾ ഊർജ്ജിതമാക്കണമെന്നാവശ്യപ്പെട്ട് അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മുനീഷാ കടവത്തിൻ്റെ നേതൃത്വത്തിൽ നാട്ടുകാർ നിരവധി പരാതികൾ നൽകിയിട്ടുണ്ട്. ബ്ലാക്ക് മാനെ പിടികൂടാൻ വേണ്ടി നാട്ടുകാർ ലോക്ക് ഡൗൺ ലംഘിക്കുന്ന നടപടി ഉണ്ടാകരുതെന്നാണ് പൊലീസ് പറയുന്നത്.