മലപ്പുറം: മങ്കട മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി അഡ്വ. ടി.കെ റഷീദലി വരുന്നതോടെ തെരഞ്ഞെടുപ്പ് പോരാട്ടം കനക്കുമെന്നുറപ്പായി. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർഥിയായ ടിഎ അഹമ്മദ് കബീറിനോട് 1508 വോട്ടുകൾക്കാണ് റഷീദലി പരാജയപ്പെട്ടത്. വിദ്യാർഥി രാഷട്രീയത്തിലൂടെ സിപിഎമ്മിലെത്തിയ അഡ്വ. ടി.കെ റഷീദലി അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റായും മലപ്പുറം ജില്ലാ പഞ്ചാത്ത് മെമ്പറായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മണ്ഡലം നേരിട്ടുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ ശ്രമിക്കുമെന്നും ഇത്തവണ വിജയം ഉറപ്പാണന്നും ടി.കെ റഷീദലി അഭിപ്രായപ്പെട്ടു. മങ്കടയിലെ ഗതാഗത തടസം പരിഹരിക്കാനാണ് ആദ്യ പരിഗണ നൽകുക എന്നും അദ്ദേഹം വ്യക്തമാക്കി.
അങ്ങാടിപ്പുറം തോണിക്കര അബു ഹാജിയുടെയും ഒതുക്കും പുറത്ത് കദീജയുടെയും ആറ് ആൺമക്കളിൽ മൂന്നാമത്തെ മകനാണ് അഡ്വ. റഷീദലി. തീരൂർക്കാട് എഎംഎച്ച്എസിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം മണ്ണാർക്കാട് എംഇഎസ് കോളജിലാണ് ഡിഗ്രി പഠനം പൂർത്തിയാക്കിയത്. മൈസൂർ യൂണിവേഴ്സിറ്റിയിൽ നിന്നാണ് എൽഎൽബി പഠനം. ഭാര്യ: ഡോ. ഷാജിത, മക്കൾ: ആബീത സനേഖ, അംറുൽ സനേഖ.