മലപ്പുറം: വീട് നിർമാണത്തിന് സർക്കാർ നൽകിയ ഫണ്ട് തികഞ്ഞില്ലെന്ന് പറഞ്ഞ് കരാറുകാരൻ വീട് പണി പാതി വഴിയില്‍ അവസാനിപ്പിച്ചതോടെ ദുരിതത്തിലായി രണ്ട് ആദിവാസി കുടുംബങ്ങള്‍. കാളികാവ് അരിമണൽ കുറുക്കനങ്ങാടിയിലെ പുള്ളിമാൻ തരിശ് മനോജിന്‍റെയും ഗോപാലന്‍റെയും കുടുംബങ്ങളാണ് മൂന്ന് വര്‍ഷമായി ദുരിത ജീവിതം നയിക്കുന്നത്. പ്ലാസ്റ്റിക്കും ഫ്ലക്‌സും ഉപയോഗിച്ച് മൂടിയ വീട്ടിലാണ് കുടുംബങ്ങള്‍ ഇപ്പോള്‍ കഴിയുന്നത്.
അതേസമയം ഇതേ സ്ഥലത്ത് തന്നെ താമസിക്കുന്ന ഷിജുവിനും കുടുംബത്തിനും സര്‍ക്കാര്‍ ഒരു രൂപ പോലും ഫണ്ട് അനുവദിച്ചിട്ടുമില്ല. പതിനഞ്ച് വർഷത്തോളമായി ഈ മൂന്ന് കുടുംബങ്ങളും ഇവിടെ താമസം തുടങ്ങിയിട്ട്. മൂന്ന് വര്‍ഷം മുമ്പാണ് രണ്ട് കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം വീട് നിര്‍മാണത്തിനായി സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചത്.
റോഡ് സൗകര്യം ഇല്ലാത്തതിനാല്‍ നിര്‍മാണത്തിന് ആവശ്യമായ വസ്‌തുക്കള്‍ തലച്ചുമടായി എത്തിക്കേണ്ടി വന്നു. പ്രതീക്ഷിച്ചതിലും ചെലവ് വന്നതോടെ സര്‍ക്കാര്‍ അനുവദിച്ച മൂന്ന് ലക്ഷം രൂപക്ക് വീടിന്‍റെ പകുതി നിര്‍മാണം മാത്രമാണ് നടത്താനായത്. ഗോപാലന്‍റെ വീട് മെയിൻ സ്ലാബ് വരെ പണി പൂർത്തിയായി.
മനോജിന്‍റെ വീടിന്‍റെ തറ നിര്‍മാണവും പൂര്‍ത്തിയായി. മഴ പെയ്‌താല്‍ ഷെഡിന്‍റെ ഉള്ളിലേക്ക് വെള്ളം എത്തുന്നതിനാല്‍ കുടുംബങ്ങള്‍ ഏറെ പ്രതിസന്ധിയിലാണ്.