മലപ്പുറം: കുറഞ്ഞ സ്ഥലത്ത് കൂടുതൽ കൃഷി പദ്ധതിയിലൂടെ വീട്ടുമുറ്റത്തെ ഒരു സെന്റ് സ്ഥലത്തെ മീൻ കൃഷിയിൽ ശ്രദ്ധേയനാവുകയാണ് വാഴക്കാട് കുഴിച്ചാലിപുറം അബ്ദുറഹിമാൻ. പ്രവാസ ജീവിതത്തിന് ശേഷമാണ് അറുപതിമൂന്നുകാരനായ അബ്ദുറഹിമാൻ വീട്ടു മുറ്റത്ത് ടാങ്ക് നിർമിച്ച് മീൻ കൃഷി ആരംഭിച്ചത്. ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ അക്വപോണിക്‌സ് കൃഷി രീതിയാണ് ഇവിടെ ചെയ്യുന്നത്. അബ്ദുറഹിമാന്‍റെ മീൻ കൃഷിയിലെ ആദ്യ മത്സ്യ വിളവെടുപ്പ് ഉത്സവം കൊണ്ടോട്ടി എം എൽ എ ടി വി ഇബ്രാഹിം നിർവഹിച്ചു. ഗിഫ്റ്റ് തിലോഫി മീൻ വിളവെടുപ്പുൽസവമാണ് നടത്തിയത്.
നാലായിരം മത്സ്യ കുഞ്ഞുങ്ങളെയാണ് ആറു മാസം മുൻപ് നിക്ഷേപിച്ചതെന്ന് അബ്ദുറഹിമാൻ പറഞ്ഞു. രണ്ട് വർഷത്തോളമായി അക്വപോണിക്‌സ് കൃഷി രീതിയിൽ മത്സ്യ കൃഷി ആരംഭിച്ചിട്ട്. ഇതിലൂടെ പച്ചക്കറി കൃഷിയും ചെയ്യുന്നുണ്ട്. വീട്ടുമുറ്റത്ത് നിന്ന് തന്നെ മീൻ വില്‍പനയും നടക്കുയാണ്. ചേറിന്റെ മണമില്ലാത്ത നല്ല രുചിയുളള മീൻ വാങ്ങാൻ നിരവധി പേരാണ് ഇവിടെക്കെത്തുന്നതും അബ്ദുറഹിമാൻ പറഞ്ഞു. ചടങ്ങിൽ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മണ്ണറോട്ട് ഫാത്തിമ, വാഴക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് കെ എം ജമീല തുടങ്ങിയവരും സംബന്ധിച്ചു.