മലപ്പുറം: റോഡപകടങ്ങൾ കുറക്കുന്നതിനായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്‍റ് വിഭാഗവും എമർജൻസി റെസ്ക്യു ഫോഴ്സും സംയുക്തമായി ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന സുരക്ഷാ ബോധവത്കരണ പരിപാടികൾക്ക് തുടക്കം കുറിച്ചു. പരിപാടിയുടെ ഉദ്ഘാടനം മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഇൻസ്പെക്ടർ റെജി മോൻ കെ.വി. നിർവഹിച്ചു. കഴിഞ്ഞവർഷം റോഡപകടങ്ങൾ മൂലമുണ്ടാകുന്ന മരണനിരക്ക് കുറക്കാൻ സാധിച്ചെങ്കിലും അപകടങ്ങളുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ല. ഈ വർഷം അപകടങ്ങൾ 20 ശതമാനത്തോളം കുറക്കുകയെന്ന് ലക്ഷ്യം വെച്ചാണ് മോട്ടോർ വാഹന വകുപ്പ് നടപടി.
വ്യാഴാഴ്ച നടന്ന പരിപാടിയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വരുന്നവർക്ക് കൈ നിറയെ സമ്മാനങ്ങൾ ലഭിച്ചു. നിയമ ലംഘകർക്ക് ബോധവത്കരണ പരിപാടികളും നടന്നു. മോട്ടോർ വാഹന അസിസ്റ്റന്‍റ് ഇൻസ്പെക്ടർ പ്രദീപ്.കെ, എമർജൻസി റെസ്ക്യു ഫോഴ്സ് അംഗങ്ങളായ ബിബിൻ പോൾ, അബ്ദുൽ മജീദ്, ഷഹബാൻ മമ്പാട്, ഷംസുദീൻ കൊളക്കാടൻ, സഫീർ മാനു, പ്രകാശൻ.കെ, ഷാഹിൻ.പി.പി എന്നിവർ നേതൃത്വം നൽകി.