'കുട്ടികള്‍ പൂന്തോട്ടത്തിലെ മൊട്ടുകളാണ്. വാത്സല്യത്തോടെയും കരുതലോടെയും വേണം അവരെ വളര്‍ത്താന്‍. രാഷ്‌ട്രത്തിന്‍റെ ഭാവിയും നാളത്തെ പൗരന്മാരുമാണ് അവര്‍' ഈ വാക്കുകള്‍ മറ്റാരുടേയുമല്ല നമ്മുടെ സ്വന്തം ചാച്ചാജിയുടേതാണ്. കുട്ടികളെ നെഞ്ചോട് ചേര്‍ത്ത ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റേത്. കുട്ടികളുടെ അവകാശങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും നിരന്തരം പോരാടിയ വ്യക്തി. മുഴുവന്‍ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭിക്കണമെന്നായിരുന്നു നെഹ്‌റുവിന്‍റെ ആഗ്രഹം. നവംബര്‍ 14 നെഹ്‌റുവിന്‍റെ ജന്മദിനം ശിശുദിനമായി ആചരിക്കുന്നതിനുള്ള കാരണവും ഇതു തന്നെയാണ്.
1964 മുതലാണ് ശിശുദിനം ആചരിക്കാന്‍ തുടങ്ങിയത്. ആദ്യ കാലത്ത് നവംബര്‍ 5നായിരുന്നു ഈ ദിനം ആഘോഷിച്ചിരുന്നത്. മാത്രമല്ല അന്ന് ഫ്ലവര്‍ ഡേ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. പിന്നീടാണ് ശിശുദിനമെന്ന പേരില്‍ ആചരിക്കാന്‍ തുടങ്ങിയത്.
കുട്ടികളുടെ അവകാശങ്ങള്‍ക്കായി പോരാടിയ വ്യക്തിയാണ് നെഹ്‌റു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്‍റെ ജന്മദിനത്തില്‍ ശിശുദിനം ആഘോഷിക്കുന്നതിന്‍റെ പ്രധാന്യവും ഏറെയാണ്. കുട്ടികളാണ് നാളെയുടെ ഭാവിയെന്ന് നെഹ്‌റു അടിയുറച്ച് വിശ്വസിച്ചു.
അതുകൊണ്ട് കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവകാശങ്ങള്‍ക്കും അദ്ദേഹം കൂടുതല്‍ ഊന്നല്‍ നല്‍കി. വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി ഏറെ സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹത്തിന്‍റെ ഭരണകാലത്ത് സാധിച്ചിട്ടുണ്ട്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസത്തിനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് എന്നീ സ്ഥാപനങ്ങളെല്ലാം പ്രവര്‍ത്തനം ആരംഭിച്ചത്. മാത്രമല്ല കുട്ടികള്‍ക്കായി അദ്ദേഹം ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി ഇന്ത്യ എന്ന സംഘടനയും രൂപീകരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വിദ്യാഭ്യാസത്തെ കുറിച്ച് അറിവില്ലാത്തവരില്‍ അദ്ദേഹം അവബോധം വളര്‍ത്തി. രാജ്യത്തെ വിവിധ ഗ്രാമങ്ങള്‍ തോറും നിരവധി സ്‌കൂളുകളും നിര്‍മിച്ചു. കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ മാത്രമല്ല ആരോഗ്യത്തിനും ഏറെ പ്രാധാന്യം നല്‍കിയിരുന്നയാളാണ് നെഹ്‌റു. കുട്ടികളിലെ പോഷകാഹാര കുറവ് നികത്തുന്നതിനായി ഭക്ഷണവും പാലുമെല്ലാം അദ്ദേഹം വിതരണം ചെയ്‌തു. 'ഇന്നത്തെ കുട്ടികള്‍ നാളെ ഇന്ത്യയെ സൃഷ്‌ടിക്കും. നാം അവരെ വളര്‍ത്തിയെടുക്കുന്ന രീതി രാജ്യത്തിന്‍റെ ഭാവി നിര്‍ണയിക്കുമെന്ന്' നെഹ്‌റു പറഞ്ഞിരുന്നു.
കുട്ടികള്‍ക്ക് എതിരെയുള്ള അക്രമങ്ങള്‍, തട്ടികൊണ്ടുപോകല്‍, ബാലവേല എന്നിവയെ ഇല്ലാതാക്കാനും അദ്ദേഹം പ്രയത്നിച്ചിട്ടുണ്ട്. നിലവില്‍ ഇത്തരത്തിലുള്ള അനേകം പ്രതിസന്ധികളിലൂടെ രാജ്യം കടന്ന് പോകുമ്പോള്‍ ശിശു ദിനം ഏറെ പ്രധാനപ്പെട്ടതാണെന്ന് പറയാം. കുട്ടികള്‍ക്ക് സുരക്ഷയൊരുക്കുക എന്നൊരു വലിയ ലക്ഷ്യം കൂടി ഈ ദിനത്തിനുണ്ട്. എല്ലാ കുട്ടികള്‍ക്കും എല്ലാ അവകാശങ്ങളും എന്നതാണ് ഇത്തവണത്തെ ശിശുദിനത്തിന്‍റെ സന്ദേശം.
വിദ്യാഭ്യാസ രംഗത്ത് മാത്രമല്ല രാജ്യത്തെ കാര്‍ഷികം, വ്യവസായം, ശാസ്‌ത്രം എന്നീ മേഖലകള്‍ക്കായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1889ലാണ് മോത്തിലാല്‍ നെഹ്‌റുവിന്‍റെയും സ്വരൂപ് റാണിയുടെയും മകനായി ജവഹര്‍ ലാല്‍ നെഹ്‌റു ജനിച്ചത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്‍റായിരുന്നു പിതാവ്. അതേ പാത പിന്തുടര്‍ന്നാണ് ജവഹര്‍ലാല്‍ നെഹ്‌റു സ്വാതന്ത്യ്ര സമര പോരാട്ട രംഗത്തേക്ക് ചുവടുവച്ചത്. പോരാട്ടങ്ങള്‍ക്കൊടുവില്‍ 1947ല്‍ ഇന്ത്യക്ക് സ്വാതന്ത്യ്രം ലഭിച്ചു. അന്ന് മുതല്‍ 1964ല്‍ മരിക്കും വരെയും ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനം വഹിച്ചത് അദ്ദേഹം തന്നെയായിരുന്നു.
Also Read: കുഞ്ഞു ചുണ്ടിൽ പുഞ്ചിരി വിരിയിക്കാൻ 'ചിന്ന ചിന്ന ആശൈ'; നിങ്ങള്‍ക്കും സമ്മാനിക്കാം...