മലപ്പുറം: കഥകളില്‍ മാത്രം കേട്ടിരുന്ന തങ്കു പൂച്ചയും മിട്ടു പൂച്ചയും ഓൺലൈൻ ക്ലാസിലൂടെ കൺമുന്നില്‍ എത്തിയപ്പോൾ നമ്മുടെ കുട്ടികൾ കൗതുകത്തോടെയാണ് അതിനെ സ്വീകരിച്ചത്. കൊവിഡ് കാലത്ത് സ്‌കൂളുകൾക്ക് ലോക്ക് വീണതോടെയാണ് ഓൺലൈൻ ക്ലാസുകൾ സജീവമായത്. ഓൺലൈൻ ക്ലാസുകൾ കുട്ടികളുടെ മാത്രമല്ല, മുതിർന്നവരെ പോലും മനസ് കീഴടക്കിയിരുന്നു.
ഇപ്പോഴിതാ വീട്ടില്‍ ക്ലാസ് മുറിയൊരുക്കിയ കുഞ്ഞു ടീച്ചർ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകുകയാണ്. മലപ്പുറം ജില്ലയിലെ വൈലത്തൂര്‍ ഓവുങ്ങലിലെ മാമ്പറ്റയില്‍ സനീല്‍- ദില്‍ഷ ദമ്പതികളുടെ മകള്‍ നേത്ര സനീല്‍ എന്ന അഞ്ച് വയസ്സുകാരിയാണ് അധ്യാപികയുടെ വേഷമിട്ടത്.
അമ്മാവന്‍റെ വീട്ടില്‍ വിരുന്ന് പോയ നേത്രാ സനീല്‍ ബന്ധുവായ നാല് വയസ്സുകാരി തീര്‍ത്ഥക്ക് ക്ലാസെടുക്കുകയാണ്. കളികള്‍ക്കിടയിലും ഗൗരവം വിടാതെയുള്ള കുട്ടി ടീച്ചറുടെ ഭാവങ്ങളും സംസാരവും അമ്മ ദില്‍ഷ മൊബൈലില്‍ പകർത്തി. ദൃശ്യങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്തതോടെ നേത്രാ സനീല്‍ സാമൂഹിക മാധ്യമങ്ങളില്‍ താരമായി. പുത്തനുടുപ്പും കുഞ്ഞിക്കുടയും കണ്ണീര്‍മഴയുമില്ലാത്ത സ്കൂൾ കാലമാണ് കൊവിഡിനിടെ കടന്നു പോയത്. ഈ സമയത്ത് വീട്ടിലെ സ്വീകരണമുറിയിലെ ടെലിവിഷനില്‍ തെളിയുന്നതാണ് അധ്യാപകരും സ്കൂൾ ഓർമകളും. ടെലിവിഷൻ ക്ലാസുകളും അധ്യാപകരെയും അനുകരിച്ച് തീർക്കുകയാണ് അവരുടെ കുട്ടിക്കാലം.