മലപ്പുറം : അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി ക്ഷേമ വകുപ്പിൽ 70 ലക്ഷത്തോളം രൂപയുടെ തിരിമറി നടത്തിയ ഉദ്യോഗസ്ഥന്‍ പിടിയില്‍. പട്ടികജാതി ക്ഷേമ ഓഫിസറായ, കൂട്ടിലങ്ങാടി അരുണോദയം വീട്ടിൽ എ. സുരേഷ് കുമാറിനെയാണ് (53) അറസ്‌റ്റ് ചെയ്‌തത്. അരീക്കോട് പൊലീസ് ഇൻസ്പെക്‌ടർ ലൈജു മോന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയ്‌ക്കായി വലവിരിച്ചത്.
ബ്‌ളോക്ക് പഞ്ചായത്ത് ഓഫിസിലെത്തി തെളിവെടുപ്പ് നടത്തിയ ശേഷം ഇയാളെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സർക്കാരിന്‍റെ ഇ-ഹൗസ് എന്ന വെബ്സൈറ്റ് വഴിയാണ് സുരേഷ് കുമാർ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് കണ്ടെത്തി.
ആറ് വ്യാജ അക്കൗണ്ടുകളിലേക്ക് പണം മാറ്റി
പട്ടികജാതി വിഭാഗക്കാർക്കുള്ള വീട് നിർമാണ ഫണ്ടിൽ നിന്ന് അരീക്കോട് ബ്ലോക്ക് പഞ്ചായത്തിൽ പട്ടികജാതി ക്ഷേമ ഓഫിസർ ആയി പ്രവർത്തിച്ചിരുന്ന സുരേഷ് കുമാര്‍ 37.5 ലക്ഷം രൂപ തിരിമറി നടത്തിയെന്നായിരുന്നു ആദ്യഘട്ടത്തിൽ ലഭിച്ച പരാതി.
എന്നാൽ, അന്വേഷണത്തില്‍ ഇയാളുടെയും, കുടുംബാംഗങ്ങളുടെയും പേരിലുള്ള ആറ് വ്യാജ അക്കൗണ്ടുകളിലേക്ക് പണം മാറ്റിയതായി കണ്ടെത്തുകയായിരുന്നു.
നാലുലക്ഷം രൂപ വീതമാണ് വീടിനായി ഗുണഭോക്താക്കൾക്ക് നൽകിവരുന്നത്. എന്നാൽ ഗുണഭോക്താവ് അറിയാതെ ഇവരുടെ പണം സുരേഷ് കുമാർ മറ്റ് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയായിരുന്നു. കൃത്രിമ രേഖയുണ്ടാക്കി പണം തട്ടുക, വഞ്ചന തുടങ്ങി ആറ് വകുപ്പുകളിലാണ് പൊലീസ് കുറ്റം ചുമത്തിയിട്ടുള്ളത്.
ജില്ല ഓഫിസറുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് അഴിമതി പുറത്തുവന്നത്. മറ്റേതെങ്കിലും പദ്ധതികളിൽ ഇത്തരത്തിൽ അഴിമതി നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഓഫിസിലെ എല്ലാവിധ പ്രവർത്തനങ്ങളും സുരേഷ് കുമാർ തന്നെ ഏറ്റെടുത്ത് നടത്തിയാണ് ഇത്രയും തുക തട്ടിയെടുത്തത്. അതുകൊണ്ടുതന്നെ, ഓഫിസിലെ മറ്റുള്ളവർക്ക് ഇതിൽ പങ്കില്ലെന്ന് പൊലീസ് പറയുന്നു.
ALSO READ: ഫ്രിഡ്‌ജില്‍ 14.5 കിലോ സ്വര്‍ണം കടത്തിയ കേസ് ; കുറ്റിപ്പുറം സ്വദേശി അറസ്റ്റില്‍