മലപ്പുറം: കോട്ടയം - നിലമ്പൂർ റോഡ് പാസഞ്ചർ ട്രെയിൻ ഉൾപ്പെടെ രാജ്യത്തെ 358 പാസഞ്ചർ തീവണ്ടികൾ എക്‌സ്പ്രസുകളാക്കി മാറ്റി. വരുമാന വർധന ലക്ഷ്യമിട്ടാണ് റെയിൽവേ പരിഷ്‌കാരം. കേരളത്തിലെ പത്ത് പാസഞ്ചറുകൾ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. സ്റ്റോപ്പുകളുടെ എണ്ണം കുറച്ച് യാത്രാ നിരക്ക് വർധിപ്പിക്കാനും തീരുമാനം. ട്രെയിൻ ഗതാഗതം സാധാരണ ഗതിയിലാകുമ്പോൾ ഈ പരിഷ്‌കാരം പ്രാബല്യത്തിൽ വരും.
പാസഞ്ചർ ട്രെയിനുകൾ എക്‌സ്പ്രസുകളും എക്‌സ്പ്രസുകളെ സൂപ്പർ ഫാസ്റ്റുകളുമാക്കാനാണ് റെയിൽവേ തീരുമാനം. പാസഞ്ചറിലെ ഏറ്റവും കുറഞ്ഞ യാത്രാനിരക്ക് 10 രൂപയാണ്. എക്‌സ്പ്രസുകളായി മാറുമ്പോൾ ചുരുങ്ങിയ നിരക്ക് 30 രൂപയാവും. പാസഞ്ചറുകളിൽ സ്ലീപ്പർ, എ.സി ഉൾപ്പെടെയുള്ള കോച്ചുകൾ വരും.
നാഗർകോവിൽ - കോട്ടയം, കോയമ്പത്തൂർ - മംഗലാപുരം സെൻട്രൽ, ഗുരുവായൂർ - പുനലൂർ, തൃശൂർ - കണ്ണൂർ, കണ്ണൂർ - കോയമ്പത്തൂർ, മംഗലാപുരം സെൻട്രൽ - കോഴിക്കോട്, പുനലൂർ - മധുര, പാലക്കാട് ടൗൺ - തിരുച്ചിറപ്പള്ളി, പാലക്കാട് - തിരുച്ചെന്തൂർ എന്നിവയാണ് കേരളത്തിൽ നിന്ന് ഇടം പിടിച്ച എക്‌സ്പ്രസുകൾ. വേഗം കൂടുന്നതോടെ യാത്രക്കാർക്ക് സമയ ലാഭവും ഉണ്ടാവും. എറണാകുളം - നിലമ്പൂർ പാസഞ്ചറാണ് പിന്നീട് നിലമ്പൂർ - കോട്ടയം പാസഞ്ചറായത്.