മലപ്പുറം: ദുബായില്‍ നിന്നുള്ള പ്രവാസികളുടെ ആദ്യ സംഘം വ്യാഴാഴ്‌ച രാത്രി 10:30ന് കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തി. 177 മുതിര്‍ന്നവരും അഞ്ച് കുട്ടികളുമടക്കം 182 യാത്രക്കാരുമായി എയർ ഇന്ത്യ എക്‌സ്‌പ്രസിന്‍റെ ഐഎക്‌സ്-344 വിമാനമാണ് കരിപ്പൂരിൽ എത്തിച്ചേര്‍ന്നത്. അതേസമയം കരിപ്പൂരിലേക്കുള്ള രണ്ടാമത്തെ വിമാനം റിയാദിൽ നിന്നും ഇന്ന് രാത്രി എട്ട് മണിക്ക് എത്തും.
യാത്രക്കാരെ എയ്‌റോ ബ്രിഡ്‌ജില്‍ വെച്ചു തന്നെ ആരോഗ്യപരിശോധനക്ക് വിധേയരാക്കി. തുടർന്ന് തെര്‍മല്‍ സ്‌കാനിങ്ങും നടത്തി. ഇതിനായി വിമാനത്താവളത്തിൽ ഡോക്‌ടര്‍മാരുള്‍പ്പടെയുള്ളവരടങ്ങുന്ന നാല് പ്രത്യേക ടീമുകൾ വിമാനത്താവളത്തിലുണ്ടായിരുന്നു. തുടര്‍ന്ന് ബോധവൽകരണ ക്ലാസും നടത്തിയ ശേഷമാണ് മുഴുവൻ പ്രവാസികളെയും വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് വിട്ടത്. അതേസമയം വിദഗ്‌ധ ആരോഗ്യ പരിശോധനയില്‍ പ്രകടമായ ആരോഗ്യപ്രശ്‌നങ്ങളില്ലാത്ത മലപ്പുറം സ്വദേശികളെ കാളികാവിലെ സഫ ആശുപത്രിയിലെ കൊവിഡ് കെയര്‍ സെന്‍ററില്‍ പ്രത്യേക നിരീക്ഷണത്തിലാക്കി. കോഴിക്കോട്, വയനാട്, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലുള്ള പ്രവാസികളെ ആരോഗ്യ സുരക്ഷ ഉറപ്പാക്കി, അതത് ജില്ലാ ഭരണകൂടങ്ങള്‍ ഏര്‍പ്പെടുത്തിയ കൊവിഡ് കെയര്‍ സെന്‍ററുകളിലേക്കും യാത്രയാക്കി. ഇവര്‍ക്കായി 108 ആംബുലൻസുകൾ 28 എണ്ണവും കെഎസ്ആർടിസി ബസുകൾ 23 എണ്ണവും വിമാനത്താവളത്തിൽ സജ്ജമാക്കിയിരുന്നു. പ്രവാസി സംഘത്തെ ജില്ലാ കലക്‌ടര്‍ ജാഫര്‍ മലിക്, ഡിഐജി എസ്.സുരേന്ദ്രന്‍, ജില്ലാ പൊലീസ് മേധാവി യു.അബ്‌ദുൾ കരീം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു.