മലപ്പുറം: കേന്ദ്ര സര്‍ക്കാറിന്‍റെ നൈപുണ്യ സംരഭകത്വ വികസന മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ ഈ വര്‍ഷം ജില്ലയില്‍ വിവിധ ട്രേഡുകളിലായി 1800 പേര്‍ക്ക് വൈദഗ്ദ്യ പരിശീലനം നല്‍കി ജോലി ഉറപ്പുവരുത്തുമെന്ന് പി.വി അബ്ദുല്‍ വഹാബ് എം.പി. വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഒരു ബാച്ചില്‍ പ്രവേശനം 20 പേര്‍ക്ക്
കൊവിഡ് പ്രതിസന്ധിയില്‍ വലയുന്ന യുവജനങ്ങള്‍ക്ക് അവരുടെഅഭിരുചിക്കനുസരിച്ചുള്ള വൈദഗ്ദ്യ പരിശീലനമാണ് നല്‍കുന്നത്. ജില്ലയുടെ ഗ്രാമ - നഗര പ്രദേശങ്ങളില്‍ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ വച്ചാണ് പരിശീലനം. തയ്യല്‍, എംബ്രോയ്ഡറി, എ.സി മെക്കാനിക്ക്, ടുവീലര്‍ മെക്കാനിക്ക്, വനിതകള്‍ക്ക് ഡ്രൈവിംഗ്, ഭക്ഷ്യ സംസ്‌കരണം തുടങ്ങി പതിനഞ്ച് ട്രേഡുകളിലായി തൊണ്ണൂറ് ബാച്ചുകളായാണ് പരിശീലനം ആസൂത്രണം ചെയ്തിരിക്കുന്നത്. ഒരു ബാച്ചില്‍ 20 പേര്‍ക്കാണ് പ്രവേശനം.
അധ്യാപകര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി
എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് പൂര്‍ണമായും സൗജന്യവും, മറ്റുള്ളവര്‍ക്ക് കേവലം 100 രൂപയുമാണ് ഫീസ്. മൂന്നു മുതല്‍ ആറു മാസംവരെയാണ് കോഴ്സുകളുടെ കാലാവധി. പരിശീലനം പൂര്‍ത്തീകരിക്കുന്നവര്‍ക്ക് തൊഴില്‍സംരഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും, കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റുകളും നല്‍കും. ക്ലാസുകള്‍ നടത്തുന്നതിനായി 90 അധ്യാപകരെ തെരഞ്ഞെടുത്ത് പരിശീലനം പൂര്‍ത്തീകരിച്ചുകഴിഞ്ഞു.
പരിശീലന കേന്ദ്രങ്ങള്‍ ആഗസ്റ്റ് ഒന്നോടുകൂടി
കൊവിഡ് പ്രതിസന്ധി മറികടക്കുന്നതിന് ഗ്രാമീണ തലത്തില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പരിശീലനം നല്‍കി തൊഴില്‍ സംരഭകരാക്കി മാറ്റുകയാണ് ലക്ഷ്യം. 80 ശതമാനം സീറ്റുകളും വനിതകള്‍ക്കായി നീക്കിവെക്കും. ആദിവാസി, മലയോര, തീരദേശമേഖലകളിലായി ആഗസ്റ്റ് ഒന്നാം തിയതിയോടുകൂടി പരിശീലന കേന്ദ്രങ്ങള്‍ സജ്ജീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കും.
ഇന്ത്യയിലെതന്നെ മികച്ച ജന്‍ ശിക്ഷണ്‍ സന്‍സ്ഥാനായ മലപ്പുറത്തിന്‍റെ കീഴില്‍ യുവ കേരളം, പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന, ഡി.ഡി.യു.ജി.കെ.വൈ, എന്‍.യു.എല്‍.എം തുടങ്ങിയ സ്‌കീമുകളിലൂടെയും പരിശീലനം നല്‍കിവരുന്നുണ്ട്. ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ ഡയറക്ടര്‍ വി ഉമ്മര്‍ കോയ, ജില്ല വൈസ് പ്രസിഡന്‍റ് ഇസ്മായില്‍ മൂത്തേടം, മുന്‍ ജില്ലാ പ്രസിഡന്‍റ് എ.പി ഉണ്ണികൃഷ്ണന്‍, ജെ.എസ്.എസ് വൈസ്‌ചെയര്‍മാന്‍ സീമാടന്‍ അബ്ദുല്‍ സമദ്, വിനോദ് പി മേനോന്‍, ടി.പി ഹൈദരലി, കെ.എ ബുഷ്‌റ, പി.പി ജിതേന്ദ്രന്‍ തുടങ്ങിയവരും സംബന്ധിച്ചു.
ALSO READ: കന്നുകാലിയെ മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍; പ്രതികളെ തിരഞ്ഞ് പൊലീസ്