കോഴിക്കോട്: ഇന്ത്യയിൽ കുടിയിറക്കലിന്റെ അവസ്ഥ നേരിടുന്ന കാലത്ത് നിരാധരരാകുന്ന പാവം മനുഷ്യരുടെ ഒപ്പം നിൽക്കാനുള്ള മനസ് എഴുത്തുകാര്‍ക്കുണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലക്ഷക്കണക്കിന് ആളുകളെ കുടിലുകളോടെ പുറത്തെറിയുകയെന്ന ആശങ്ക പടരുകയാണ്. ഇത്തരം അവസ്ഥയെക്കുറിച്ച് എഴുത്തുകാര്‍ മുമ്പും ഉത്കണ്‌ഠ പ്രകടിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട്ട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഇത്തരം സാഹചര്യത്തിൽ മനുഷ്യസ്നേഹമുള്ള ആർക്കും ഉത്കണ്‌ഠ പ്രകടിപ്പിക്കാതിരിക്കാൻ കഴിയില്ല. ഇടശ്ശേരിയുടെ കുടിയിറക്കൽ എന്ന കവിത പൗരത്വ നിയമത്തിന്റെ കാലത്ത് വീണ്ടും വായിക്കേണ്ടതുണ്ട്. കവിത അധികാരികളെ ഓർമിപ്പിക്കേണ്ട ഘട്ടം കൂടിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
19 വരെ നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പിൽ മലയാളത്തിൽ നിന്ന് 300 എഴുത്തുകാരും ഇംഗ്ലീഷ് സാഹിത്യം കൈകാര്യം ചെയ്യുന്ന 184 എഴുത്തുകാരും പങ്കെടുക്കുന്നുണ്ട്. കോഴിക്കോട് ബീച്ചിനോട് ചേർന്നുള്ള അഞ്ച് വേദികളിലായി മൂന്ന് ദിവസം നടക്കുന്ന പരിപാടിയിൽ നാല് ലക്ഷത്തോളം പേർ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. സംവാദങ്ങൾ, നേരിട്ടുള്ള പ്രഭാഷണങ്ങൾ, പുസ്‌തക വർത്തമാനങ്ങൾ, വായനക്കാരുടെ സംവാദം എന്നിങ്ങനെ ക്രമപ്പെടുത്തിയതാണ് ഇത്തവണത്തെ ഫെസ്റ്റ്.