കോഴിക്കോട്: ചരിത്രത്തിൽ ഇടം പിടിച്ച ലോക പ്രശസ്ത ചിത്രകാരന്മാരുടെ ചിത്ര പ്രദർശനവുമായി സാജിദ് അഹമ്മദ്. വിദ്യാർഥികൾക്കായി അന്താരാഷ്‌ട്ര നിലവാരമുള്ള വിവിധ വിഷയങ്ങളെ ആസ്‌പദമാക്കി സ്‌കൂളുകളിലും കോളജുകളിലും സാജിദ് നിരവധി പ്രദർശനങ്ങള്‍ നടത്തിയിട്ടുണ്ട്. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഛായാചിത്രങ്ങളുടെ പകര്‍പ്പുകളാണ് കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലുള്ള ഗുദാം ആർട്ട് ഗാലറിയിൽ പ്രദർശിപ്പിച്ചിട്ടുള്ളത്.
'ആർട്ടിഫാക്‌ട്‌സ് ഓഫ് ദി മോസ്റ്റ് എക്സ്പെൻസിവ് പെയിൻറിങ്സ് ഇൻ ദ വേൾഡ് ' എന്നു പേരിട്ട പ്രദര്‍ശനത്തില്‍ ചരിത്രത്തിൽ വിസ്‌മയങ്ങൾ തീർത്ത നിരവധി ചിത്രങ്ങളും അവയുടെ ചരിത്രവുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നവോഥാന കാലഘട്ടത്തിലെ മികച്ച ചിത്രകാരന്മാരായ ലിയനാർഡോ ഡാവിഞ്ചിയുടെ നിഗൂഡത നിറഞ്ഞ ചിത്രമായ മോണലിസയും, വില്യം ഡി കൂനിങ്ങ് പോളിന്‍റെ ഇൻറർ ചേൻജും, പോൾ ഗോഗിന്‍റെ വെൻ യു വിൽ മാരിയും, എഡ്വേർഡ് മുഞ്ച്, വാൻഗോഗ്, ജോഹനസ് വെർ മീർ, റാഫേൽ തുടങ്ങിയവരുടെ വ്യത്യസ്‌ത ചിത്രങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ലോകത്തിലെ ആദ്യ ത്രിമാന ചിത്രങ്ങളിലൊന്നായ ഡാവിഞ്ചിയുടെ മോണലിസ 4600 കോടി രൂപയ്ക്ക് (650 മില്യൻ ഡോളർ) ഇൻഷൂർ ചെയ്ത് ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ചതും, ഡാവിഞ്ചിയുടെ തന്നെ മറ്റൊരു ചിത്രമായ സാല്‍വത്തോര്‍ മുണ്ടി ഖത്തർ രാജകുമാരൻ ബാദർ ബിൻ അബ്ദുള്ള 3200 കോടി രൂപയ്ക്ക് ലേലത്തിൽ വാങ്ങിയതടക്കമുള്ള നിരവധി വിവരങ്ങൾ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ചിത്ര പ്രദർശനം വിദ്യാർഥികളടക്കമുള്ളവർക്ക് കൂടുതൽ പ്രയോജനകരമാകും എന്ന ഉദ്ദേശത്തോടെയാണ് സാജിദ് അഹമ്മദ് പ്രദർശനം നടത്തിയിരിക്കുന്നത്. പ്രദർശനം ജനുവരി 26ന് സമാപിക്കും.