കോഴിക്കോട്: എന്‍.എച്ച്-66 കോഴിക്കോട് ആറുവരി ബൈപ്പാസ് പദ്ധതിയുടെ പ്രവൃത്തി എത്രയും പെട്ടന്ന് ആരംഭിക്കണമെന്നും അല്ലാത്തപക്ഷം ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും എം.കെ. രാഘവന്‍ എം.പി. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ അതിന്‍റെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ വരുന്നവര്‍ക്കൊന്നും പദ്ധതിയുടെ നാള്‍വഴികള്‍ പോലുമറിയില്ല. പദ്ധതി എത്രയും പെട്ടന്ന് യഥാര്‍ത്ഥ്യമാക്കുന്നതിന് പാര്‍ലമെന്‍റ് അംഗം എന്ന നിലയില്‍ തുടര്‍ച്ചയായി ഉദ്യോഗസ്ഥ, മന്ത്രാലയ തലത്തില്‍ ഇടപെടലുകള്‍ നടത്തുന്നുണ്ട്. എന്നാല്‍ ജനപ്രതിനിധിയുടെ ഇടപെടലുകള്‍ക്ക് പുറമേ കേന്ദ്ര, സംസ്ഥാന സര്‍ക്കാരും ഇതില്‍ പ്രത്യേകം താത്പര്യമെടുക്കേണ്ടതുണ്ട്.
ആറു സംസ്ഥാനങ്ങളില്‍ കൂടി കടന്നു പോകുന്ന എന്‍.എച്ച് 66 ലെ ബൈപ്പാസ് കോഴിക്കോട് നഗരത്തിലേയും പ്രസ്തുത റോഡിലേയും ഗതാഗത കുരുക്കഴിക്കാന്‍ അത്യന്താപേക്ഷിതമാണ്. വര്‍ഷങ്ങളുടെ പ്രയത്നഫലമായി യാഥാര്‍ത്ഥ്യമായ കേരളത്തിലെ ഏക ആറു വരി ബൈപ്പാസ് പ്രവൃത്തി ആരംഭിച്ച് പൂര്‍ത്തീകരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സജീവമായി ഇടപെടുന്നില്ലെങ്കില്‍ പൊതു സമൂഹത്തിന്‍റെ പിന്തുണയോടെ ജനപ്രതിനിധി എന്ന നിലക്ക് ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
2018 ഏപ്രില്‍ മാസം ടെന്‍റര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച്, ഹൈദരാബാദ് ആസ്ഥാനമായ കെ.എം.സി. നിര്‍മ്മാണ കമ്പനിക്ക് കരാര്‍ ലഭിച്ചുവെങ്കിലും അതിന് ശേഷം ഫൈനാന്‍ഷ്യല്‍ ക്ലോഷര്‍ സമര്‍പ്പിക്കുന്നതില്‍ കമ്പനിയുടെ ഭാഗത്തുനിന്നും കാലതാമസമുണ്ടായി. സമയബന്ധിതമായി നടപടിക്രമങ്ങള്‍ പാലിക്കുന്നതിലും, പൂര്‍ത്തീകരിക്കുന്നതിലും നാഷണല്‍ ഹൈവേ അതോറിറ്റി കുറ്റകരമായ അലംബാവമാണ് കാണിച്ചത്. ഇതിലുപരി കെ.എം.സി നിര്‍മ്മാണ കമ്പനിയുടെ നിരുത്തരവാദപരമായ സമീപനത്തിന് പല ഘട്ടങ്ങളിലായി അനുകൂല നിലപാട് സ്വീകരിച്ച എന്‍.എച്ച്.എ.ഐ ജനങ്ങളെയും സര്‍ക്കാരിനെയും വഞ്ചിക്കുകയാണ്.
കരാര്‍ പ്രകാരം പദ്ധതി പൂര്‍ത്തീകരിക്കണ്ടേ സമയം കഴിഞ്ഞതിന് ശേഷമാണ് കമ്പനി ഫൈനാന്‍ഷ്യല്‍ ക്ലോഷര്‍ സമര്‍പ്പിച്ചതെങ്കിലും എന്‍.എച്ച്.എ.ഐ ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല. അതിന്മേലുള്ള ചര്‍ച്ചകള്‍ അനന്തമായി നീളുന്നതാണ് ഇപ്പോഴും പദ്ധതി വൈകുന്നതിലെ പ്രധാന കാരണം. കെ എം സി രൂപീകരിച്ച കാലിക്കറ്റ് എക്സ്പ്രസ് വെയ്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഭാഗമാകുന്ന, സംസ്ഥാന സര്‍ക്കാറിന്‍റെ കാര്യമായ ഓഹരി പങ്കാളിത്തമുള്ള ഇന്‍കലിന്‍റെ നിലപാടുകളും പദ്ധതി വൈകിപ്പിക്കുന്നുണ്ട്. ഈ നിര്‍മ്മാണ പ്രവൃത്തി നടത്താനുള്ള മുന്‍പരിചയമോ, അടിസ്ഥാന സങ്കേതിക സൗകര്യങ്ങളോ ഇല്ലാത്ത ഇന്‍കല്‍ തന്നെ ഇപ്പോൾ ഭരണപരമായ പ്രതിസന്ധിയിലാണ്. അതുകൊണ്ട് തന്നെ ഇന്‍കലിന് ഈ പ്രവൃത്തി എപ്പോള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പറയാന്‍ കഴിയാത്ത സാഹചര്യമാണ്.
2020 ഒക്ടോബര്‍ 13ന് കോഴിക്കോട് ബൈപ്പാസ് ആറ് വരിപ്പാത പ്രവൃത്തിയുള്‍പ്പെടെയുള്ള എട്ടോളം പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നിര്‍വ്വഹിച്ചെങ്കിലും അത് കഴിഞ്ഞ് രണ്ടര മാസമായിട്ടും ഒരു നടപടിയും കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായില്ല. ഇതോടോപ്പം തറക്കല്ലിടല്‍ ചടങ്ങ് നടത്തിയ ഏതാനും പദ്ധതികളുടെ അനുബന്ധ പ്രവൃത്തികള്‍ ഇതിനകം തുടങ്ങി കഴിഞ്ഞു. മെട്രോ പൊളിറ്റന്‍ നഗരങ്ങളുമായ് ബന്ധിപ്പിക്കുന്ന ഈ പദ്ധതി പൂര്‍ണ്ണമായും പൂര്‍ത്തീകരിച്ചാല്‍ മാത്രമേ നിലവില്‍ എന്‍.എച്ച്.66 ല്‍ നടക്കുന്ന ബൈപ്പാസിന് ഇരുഭാഗത്തുമുള്ള മറ്റ് പദ്ധതികളുടെ പൂര്‍ണ്ണ പ്രയോജനം ജനങ്ങള്‍ക്ക് ലഭ്യമാകുകയുള്ളൂ.മറ്റ് പദ്ധതികളില്‍ നിന്ന് വ്യത്യസ്തമായി പദ്ധതിക്കാവശ്യമായ സ്ഥലം ലഭ്യമായിട്ടുപോലും പ്രവൃത്തി വൈകുന്നത് വിരോധാഭാസമാണ്.
കൂടാതെ ഇത്രയും വലിയ പദ്ധതിയുടെ മുന്നോടിയായി ഇലക്ട്രിസിറ്റി ലൈനുകള്‍, ടെലഫോണ്‍ ലൈന്‍, ജലവിതരണ ലൈനുകള്‍ എന്നിങ്ങനെയുള്ള യൂട്ടിലിറ്റി ഷിഫ്റ്റിംഗിന് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തുടക്കം കുറിച്ചിട്ടില്ല. തുടര്‍ന്നും പദ്ധതിയില്‍ കാലതാമസം നേരിട്ട് ഏതെങ്കിലും കാരണവശാല്‍ റദ്ദ് ചെയ്യപ്പെട്ടാല്‍ ഇതിന്‍റെ ചെലവ് ഇരട്ടിയായി ഉയരുന്നതിന്‍റെ ബാധ്യത ജനങ്ങളെ കൂടിയാണ് ബാധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.