കോഴിക്കോട്: കോഴിക്കോട് തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ വാക്‌സിനെടുത്തിട്ടും മരിച്ചു. പേരാമ്പ്ര കൂത്താളിയിൽ പുതിയേടത്ത് ചന്ദ്രിക (53) യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
കഴിഞ്ഞ മാസം 21 നാണ് ഇവരുടെ മുഖത്ത് തെരുവ് നായയുടെ കടിയേറ്റത്. അതിനുശേഷം പേവിഷബാധക്കെതിരായ വാക്സിൻ കൃത്യമായി എടുത്തിരുന്നു. എന്നാൽ കടുത്ത പനിയെ തുടർന്ന് ചന്ദ്രികയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
തുടർന്നാണ് ഇവർ പേ വിഷബാധയേറ്റതിന്‍റെ ലക്ഷണങ്ങളോടെ മരണമടഞ്ഞത്. ആക്രമിച്ച നായക്ക് വിഷബാധ (Rabies) ഉണ്ടെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു. ചന്ദ്രികക്ക് പേവിഷ ബാധ ഉണ്ടായോ എന്നതിൽ പരിശോധന ഫലങ്ങൾ വരാനുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് നായയുടെ കടിയേറ്റവർ വാക്‌സിനെടുത്തിട്ടും മരിക്കുന്ന രണ്ടാമത്തെ സംഭവമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രണ്ട് ദിവസത്തിനകം ചന്ദ്രികയുടെ പരിശോധന ഫലം ലഭിക്കും.