കോഴിക്കോട്: യുവതിയുടെ മരണം മന്ത്രവാദ ചികിത്സയെ തുടര്‍ന്നാണെന്ന് ബന്ധുക്കളുടെ ആരോപണം. വടകരയ്ക്ക് സമീപം കല്ലാച്ചി കുനിങ്ങാട് സ്വദേശി നൂര്‍ജഹാനാണ് (44) മരിച്ചത്. ബന്ധുക്കളുടെ പരാതിയിൽ കോഴിക്കോട് വളയം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. വൈദ്യസഹായം നല്‍കാതെ ഭര്‍ത്താവ് ജമാലാണ് യുവതിയെ നിര്‍ബന്ധിച്ച് ആലുവയിലെ മന്ത്രവാദ കേന്ദ്രത്തിലെത്തിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.
ALSO READ: നിയന്ത്രണംവിട്ട കാറിടിച്ച് ഒരാൾ മരിച്ചു; ഒരാള്‍ ഗുരുതരാവസ്ഥയില്‍, നിരവധി വാഹനങ്ങള്‍ തകര്‍ന്നു
നൂര്‍ജഹാന്‍റെ ബന്ധു ഫൈസലാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് കോഴിക്കോട്ടെ വീട്ടില്‍ നിന്നും ആംബുലൻസില്‍ നൂര്‍ജഹാനെ ആലുവയിലെ മന്ത്രവാദ കേന്ദ്രത്തിലെത്തിക്കുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചയോടെ നൂര്‍ജഹാൻ മരിച്ചെന്ന വിവരമാണ് ബന്ധുക്കള്‍ക്ക് ലഭിക്കുന്നത്.
തുടര്‍ന്ന് ബന്ധുക്കള്‍ വിവരം പൊലീസിനെ അറിയിക്കുകയും പൊലീസ് ഇടപെട്ട് ആലുവയില്‍ നിന്നും കല്ലാച്ചിയിലെ വീട്ടിലേക്ക് എത്തിക്കുകയായിരുന്നു. മൃതദേഹം വടകര താലൂക്ക് ആശുപത്രിയിലാണ്. പോസ്റ്റ്മാർട്ടം നാളെ (08 ഡിസംബര്‍ 2021) നടക്കും. വളയം പൊലീസ് അന്വേഷണം ആരംഭിച്ചു.