കോഴിക്കോട് : മലയോര മേഖലയിൽ വന്യമൃഗ ശല്യം രൂക്ഷമാകുമ്പോഴും തോക്കിന് അപേക്ഷിച്ചിട്ട് അധികൃതർ കർഷകർക്ക് ലൈസൻസ് നൽകുന്നില്ലെന്ന് പരാതി. കാട്ടുപന്നി അടക്കമുള്ള വന്യമൃഗങ്ങളുടെ ആക്രമണം മൂലം പൊറുതിമുട്ടുമ്പോഴും തദ്ദേശ സ്ഥാപനങ്ങളിൽ എംപാനൽ ഷൂട്ടർമാരെ നിയമിച്ചിട്ടുണ്ടെന്ന കാരണം പറഞ്ഞ് കർഷകരുടെ അപേക്ഷ നിരസിക്കുകയാണ്.
വന്യമൃഗങ്ങളുടെ ആക്രമണത്തെ തുടർന്ന് കൃഷി സാധ്യമല്ലാത്തതിനാൽ ഭൂരിഭാഗം കർഷകരും കൃഷി ഉപേക്ഷിക്കുകയോ ആത്മഹത്യയുടെ വക്കിലെത്തി നിൽക്കുന്ന സാഹചര്യമോ ആണെന്ന് കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കത്തെ കർഷകനായ കേവിള്ളിൽ ജോർജ് ജോസഫ് പറയുന്നു. വന്യമൃഗ ശല്യം രൂക്ഷമായപ്പോൾ 2020 ഒക്‌ടോബറിൽ തോക്ക് ലൈസൻസിന് അപേക്ഷിച്ചതാണ് ജോർജ് ജോസഫ്.
2021 സെപ്‌റ്റംബറിൽ വിളിച്ച ഹിയറിങ്ങിൽ, തദ്ദേശ സ്ഥാപനങ്ങളിൽ എംപാനൽ ഷൂട്ടർമാരെ നിയമിച്ചിട്ടുള്ളതിനാൽ സുരക്ഷ കാരണങ്ങളാൽ കർഷകർക്ക് തോക്ക് ലൈസൻസ് നൽകേണ്ടതില്ല എന്നാണ് പൊലീസ് നിർദേശം എന്നുപറഞ്ഞ് ഉദ്യോഗസ്ഥർ അപേക്ഷ നിരസിച്ചു. തുടർന്ന് ലാൻഡ് റവന്യൂ കമ്മിഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2022 ഒക്‌ടോബറിൽ വീണ്ടും ഹിയറിങ് നടന്നു.
പഞ്ചായത്തിൽ എംപാനൽ ഷൂട്ടർമാരെ നിയമിച്ചിട്ടുള്ളതിനാൽ ലൈസൻസ് അനുവദിക്കാൻ കഴിയില്ലെന്ന മറുപടിയാണ് വീണ്ടും ലഭിച്ചത്. എന്നാൽ പഞ്ചായത്തിൽ എംപാനൽ ഷൂട്ടർമാർ ഇല്ല എന്ന രേഖ ഹാജരാക്കിയപ്പോൾ എന്തുകൊണ്ടാണ് പൊലീസ് തെറ്റായ വിവരം നൽകിയതെന്ന് അന്വേഷിച്ച ശേഷം ലൈസൻസ് നൽകുന്നത് പരിഗണിക്കാം എന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടിയെന്ന് ജോർജ് ജോസഫ് പറയുന്നു.
1972 മുതൽ താൻ കൃഷി ചെയ്‌തുവരികയാണെന്നും കഴിഞ്ഞ നാല് വർഷമായി മുൻപില്ലാത്ത വിധം വന്യജീവികൾ കൃഷി നശിപ്പിക്കുകയാണെന്നും ജോർജ് ജോസഫ് കൂട്ടിച്ചേർത്തു. വന്യജീവികൾ കൃഷി നശിപ്പിക്കുന്നുവെന്ന എംഎൽഎ, പഞ്ചായത്ത് പ്രസിഡൻ്റ്, പഞ്ചായത്ത് സെക്രട്ടറി, കൃഷി വകുപ്പ് എന്നിവരുടെ രേഖകൾ, വിളകള്‍ നശിപ്പിച്ചതിന്‍റെ നിരവധി ഫോട്ടോകൾ എന്നിവ സഹിതം അപേക്ഷിച്ചിട്ടും തോക്കിന് ലൈസൻസ് കിട്ടാത്ത അവസ്ഥയാണ്.
കൃഷിയിടത്തിൽ കാട്ടുപന്നികൾ വന്ന് വിളകൾ നശിപ്പിക്കുമ്പോൾ എംപാനൽ ഷൂട്ടർമാരെ വിളിച്ചുവരുത്തുമ്പോഴേക്കും ഇവ പോയിരിക്കും. എംപാനൽ ഷൂട്ടർമാർ കൃഷിയിടത്തിൽ വന്ന് കാത്തിരുന്നാൽ ചിലപ്പോൾ പന്നി വരണമെന്നുമില്ല. സ്വന്തം പറമ്പിൽ കൃഷി ചെയ്യുന്ന ഭക്ഷ്യ ഉത്പന്നങ്ങളാണ് മലയോര മേഖലയിലെ ഭൂരിഭാഗം കർഷകരും ഉപയോഗിക്കുന്നത്. വന്യമൃഗ ശല്യം മൂലം ഇതുപോലും സാധ്യമാവാത്ത അവസ്ഥയാണ്.