കോഴിക്കോട്: സഞ്ചാരികളുടെ മനംകവർന്ന് കോഴിക്കോട് ബീച്ചിൽ വാട്ടർ സ്പോർട്സ് . അവധിക്കാലം ചിലവഴിക്കാൻ ബീച്ചിൽ എത്തുന്നവരാണ് വാട്ടർ സ്പോർട്സിലൂടെ സാഹസികതയുടെ അനുഭവം നെഞ്ചിലേറ്റി മടങ്ങുന്നത്. കടപ്പുറവും കടൽ കാഴ്ചയും കാണുന്നതിലുപരി തിരമാലകളിലെ സാഹസിക യാത്രയും സഞ്ചാരികൾക്ക് ഏറെ ആവേശം നൽകുന്നു. കേരളത്തിന് പുറത്ത് വാട്ടർ അഡ്വഞ്ചറസ് യൂണിറ്റുള്ള എറോത്ത് വാട്ടർ അഡ്വഞ്ചറസ് സ്പോർട്സാണ് കോഴിക്കോട് ബീച്ചിൽ സാഹസിക യാത്രകൾ ഒരുക്കുന്നത്. കുടുംബത്തിന് ഒന്നടങ്കം സഞ്ചരിക്കാവുന്ന മിനി ക്രൂസ് ബോട്ട്, സ്പീഡ് ബോട്ട് റൈഡ്, ഒറ്റയ്ക്ക് കടലിനെ ആസ്വദിക്കാൻ കഴിയുന്ന ജെറ്റ് സ്കിങ് തുടങ്ങിയവയാണ് റൈഡിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ബീച്ചിലെ റൈഡുകൾ ഏറെ ആസ്വാദ്യകരവും പുത്തൻ അനുഭവം നൽകുന്നതുമാണെന്ന് കേരളത്തിന് പുറത്തു നിന്ന് എത്തുന്ന സഞ്ചാരികൾ പോലും പറയുന്നു. രാവിലെ ഒമ്പത് മുതൽ ആരംഭിക്കുന്ന റൈഡുകൾ മുൻകൂട്ടി ബുക്ക് ചെയ്തും സഞ്ചാരികൾക്ക് ഉപയോഗിക്കാവുന്നതാണ്. എന്നാൽ കാലാവസ്ഥയ്ക്ക് അനുസരിച്ച് റൈഡുകളിൽ മാറ്റങ്ങള്‍ ഉണ്ടാകാറുണ്ട്. പരിശീലനം ലഭിച്ച ജീവനക്കാരാണ് ബേപ്പൂര്‍ തുറമുഖത്തിന്‍റെ അനുമതിയോടെ നടത്തുന്ന വാട്ടര്‍ സ്പോര്‍ട്സ് റൈഡുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.