കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ നല്ലളത്തെ മിക്ക വയലുകളും മുമ്പൊന്നും കണ്ടിട്ടില്ലാത്ത രീതിയില്‍ വരണ്ടുണങ്ങി വിണ്ടുകീറി തുടങ്ങി. കടുത്ത വരള്‍ച്ച അനുഭവപ്പെടുന്ന ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ വയലുകള്‍ക്ക് സമാനമായാണ് നല്ലളം മാക്കുനിത്തോട്-മുണ്ടോപാടം പ്രദേശത്തെ പാടങ്ങള്‍ വരണ്ടുണങ്ങിയത്.
ഏതു കാലാവസ്ഥയിലും ജലാംശം ഉണ്ടായിരുന്ന പാടങ്ങൾ വരണ്ടതോടെ വരുംദിവസങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്ന ആശങ്കയിലാണ് ജനങ്ങൾ. പ്രദേശത്തെ കിണറുകളും ഏകദേശം വറ്റിത്തുടങ്ങിയതായി നാട്ടുകാർ പറയുന്നു. നിലവിൽ കോർപ്പറേഷൻ വിതരണം ചെയ്യുന്ന കുടിവെള്ളമാണ് നാട്ടുകാരുടെ ആശ്രയം. ജപ്പാൻ കുടിവെള്ള പദ്ധതി പ്രകാരമുള്ള കുടിവെള്ള വിതരണം പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്നുണ്ടെങ്കിലും പൂർണമായും ഇത് വിതരണത്തിന് സജ്ജമായിട്ടില്ല. കാലാവസ്ഥ പ്രതികൂലമായി തുടരുകയാണെങ്കിൽ വരും ദിവസങ്ങളിൽ ഇതും നിലച്ചുപോകുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. വരൾച്ചയുടെ സൂചന കാണുന്നതിനാൽ കുടിവെള്ള വിതരണം അധികാരികൾ ഉറപ്പുവരുത്തമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.