കോഴിക്കോട്: മുഖ്യമന്ത്രിയുടെയും മന്ത്രി കെ.ടി. ജലീലിന്‍റെയും രാജിയാവശ്യപ്പെട്ട് കോഴിക്കോട് കലക്‌ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തിയ കര്‍ഷകമോര്‍ച്ച പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ബിജെപി ജില്ലാ സെക്രട്ടറി ടി. ചക്രായുധന്‍, ജില്ലാ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രശോഭ് കോട്ടൂളി, കെ.വി. യദുരാജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. എരഞ്ഞിപ്പാലത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് കലക്‌ട്രേറ്റ് കവാടത്തില്‍ പൊലീസ് ബാരിക്കേഡുയര്‍ത്തി തടയുകയും പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുകയുമായിരുന്നു. തുടര്‍ന്ന് പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. പരിക്കേറ്റ പ്രവര്‍ത്തകരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മന്ത്രി കെ.ടി. ജലീലിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വായ തുറന്നാല്‍ കെ.ടി. ജലീല്‍ കള്ളം മാത്രമാണ് പറയുന്നത്. ഓരോ ദിവസവും പുതിയ തെളിവുകള്‍ പുറത്തുവരികയാണ്. ജലീലിനെതിരെ എന്തെങ്കിലും വരുമ്പോള്‍ ഖുര്‍ ആന്‍റെ പേരു പറഞ്ഞ് രക്ഷപ്പെടാനാണ് ശ്രമം. ന്യൂനപക്ഷ സംരക്ഷകരെന്ന മേലങ്കി സ്വയം എടുത്ത് അണിയുകയാണ് സിപിഎം. എന്നാല്‍ ആ ശ്രമം വിലപ്പോവില്ല. രാജിവെക്കണമെന്ന ആവശ്യവുമായാണ് സമരത്തിനിറങ്ങിയത്. രാജിവെക്കുംവരെ സമരം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.കെ. രജീഷ് അധ്യക്ഷനായി.