കോഴിക്കോട്: പ്രവര്‍ത്തിച്ച് കൊണ്ടിരിക്കെ മുക്കത്ത് വാഷിങ് മെഷീന്‍ പൊട്ടിത്തെറിച്ചു. സമീപത്ത് ആളില്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. കാരശേരി ജങ്ഷനിലെ ബൈജു ബാപ്പുട്ടിയുടെ വീട്ടില്‍ ഇന്നലെ (ജൂലൈ 24) വൈകിട്ടാണ് സംഭവം.
നാല് വര്‍ഷം പഴക്കമുള്ള സെമി ഓട്ടോമാറ്റിക് വാഷിങ് മെഷിനാണ് പൊട്ടിത്തെറിച്ചത്. കഴുകാനിട്ടിരുന്ന വസ്ത്രങ്ങള്‍ സ്‌ഫോടനത്തില്‍ ചിതറിത്തെറിച്ചു. വാഷിങ് മെഷിൻ പൂർണമായും കത്തിയമർന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കാം അപകട കാരണമെന്നാണ് കെഎസ്ഇബി അധികൃതരുടെ വിശദീകരണം.
സ്‌ഫോടനത്തില്‍ വാഷിങ് മെഷീനിന്‍റെ വയറുകളും പൈപ്പുകളും നശിച്ചു. വാഷിങ് മെഷീന്‍ കമ്പനിയുമായി ബന്ധപ്പെടുമെന്ന് കുടുംബം അറിയിച്ചു. സംഭവത്തില്‍ ആശങ്കയിലാണ് കുടുംബം.
സ്‌മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചു: അടുത്തിെടെയാണ് തൃശൂരില്‍ നിന്നും ഇത്തരത്തിലുള്ള സമാന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ തൃശൂരില്‍ വാഷിങ് മെഷീനിന് പകരം മൊബൈല്‍ ഫോണായിരുന്നു പൊട്ടിത്തെറിച്ചത്. വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിനോട് ചേര്‍ന്ന് ചാര്‍ജ് ചെയ്യാന്‍ വച്ച ഫോണാണ് പൊട്ടിത്തെറിച്ചത്.
അപകടത്തില്‍ നിന്നും വയോധികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കാണ്. പട്ടിക്കാട് സ്വദേശിയായ ജെ ജെ ജോസഫിന്‍റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഫോണിന് സമീപം ഇരുന്ന ജോസഫ് അത്‌ഭുതകരമായാണ് രക്ഷപ്പെട്ടത്. വൈകുന്നേരം ഏഴുമണിയോടെയാണ് ജോസഫ് ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വച്ചത്.
വലിയ ശബ്‌ദത്തോടെ ഫോണ്‍ പൊട്ടിത്തെറിക്കുകയും ഫോണില്‍ നിന്നും തീ ആളിപടരുകയും ചെയ്‌തു. ഫോണ്‍ പൊട്ടിത്തെറിച്ച് തീ പടര്‍ന്നതോടെ ജോസഫ് ഉടന്‍ തന്നെ ചാര്‍ജര്‍ കണക്‌റ്റ് ചെയ്‌ത സ്വിച്ച് ഓഫാക്കുകയും ഫോണില്‍ നിന്ന് പടരുന്ന തീയില്‍ വെള്ളം ഒഴിക്കുകയും ചെയ്‌തു. ഇതോടെ തീ നിയന്ത്രണ വിധേയമാകുകയായിരുന്നു.
ഇത് വെറും ഏഴുമാസം പഴക്കമുള്ള ഫോണ്‍: ഓണ്‍ലൈനില്‍ നിന്നും 10,000 രൂപ നല്‍കിയാണ് ജോസഫ് ഷവോമി കമ്പനിയുടെ ഫോണ്‍ വാങ്ങിയത്. ഏഴ് മാസം ഉപയോഗിച്ചതിന് പിന്നാലെയാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തിന് ഏതാനും ദിവസം മുമ്പ് ഫോണ്‍ അല്‍പ നേരം ഉപയോഗിക്കുമ്പോള്‍ അസാധാരണാമാം വിധം ചൂടാകുന്നത് ജോസഫിന്‍റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് തൃശൂരിലെ ഷവോമിയുടെ സര്‍വീസ് സെന്‍ററില്‍ വച്ച് സര്‍വീസ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ചാര്‍ജ് ചെയ്‌ത് കൊണ്ടിരിക്കേ പൊട്ടിത്തെറിയുണ്ടായത്.
ബലൂണ്‍ നിറക്കുന്ന സിലിണ്ടര്‍ പൊട്ടിത്തെറിച്ചു: ബലൂണില്‍ കാറ്റ് നിറക്കുന്ന സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പഞ്ചാബില്‍ അടുത്തിടെ മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. ബലൂണ്‍ വില്‍പ്പന നടത്തുന്നയാള്‍ക്കും മകനും ബലൂണ്‍ വാങ്ങാനെത്തിയ ഒരു പൊലീസ് ഉദ്യോഗസ്ഥനുമാണ് പരിക്കേറ്റത്. ഇതില്‍ ബലൂണ്‍ വില്‍പ്പനക്കാരന്‍റെ മകന്‍റെ പരിക്ക് ഗുരുതരമാണ്.
അപകടത്തില്‍ കുട്ടിയുടെ ഇരുകാലുകളും അറ്റു പോകുകയും മുഖത്ത് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തു. പൊലീസ് ഉദ്യാഗസ്ഥന് കൈയിലും മുഖത്തുമാണ് പരിക്കേറ്റത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്കാണ് പരിക്കേറ്റത്. സംഭവത്തിന് പിന്നാലെ മൂന്ന് പേരെയും സംഗ്രൂരിലെ ആശുപത്രിയിലെത്തിച്ചു.