കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ അഞ്ച് ഹോസ്റ്റലുകളിലെയും വാർഡൻമാർ രാജിവച്ചു. റാഗിങിനും ലഹരി വിൽപ്പനയ്ക്കും എതിരെ നിലപാട് എടുത്ത വാർഡന്മാര്‍ക്കെതിരെ വിദ്യാർഥികൾ വ്യാജ പ്രചാരണം നടത്തുന്നു എന്നാരോപിച്ചാണ് രാജി. ഹോസ്റ്റൽ ചീഫ് വാർഡൻ ഡോക്ടർ സന്തോഷ് കുര്യാക്കോസ് മർദ്ദിച്ചു എന്നാരോപിച്ച് രണ്ടാം വര്‍ഷ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തോടെയാണ് സംഭവങ്ങളുടെ തുടക്കം.
മെൻസ് ഹോസ്റ്റലിൽ കിടന്ന് ഉറങ്ങുകയായിരുന്ന വിദ്യാർഥിയെ വാർഡൻ അകാരണമായി മർദിച്ചെന്നായിരുന്നു പരാതി. എന്നാൽ ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്തവരോട് ഹോസ്റ്റൽ മാറാൻ ആവശ്യപ്പെട്ടാണ് എത്തിയതെന്നും ഈ നിർദേശം അംഗീകരിക്കാത്തവരാണ് വ്യാജ പ്രചാരണത്തിന് പിന്നിലെന്നുമാണ് ഡോക്ടർ സന്തോഷ് കുര്യാക്കോസിന്‍റെ വിശദീകരണം. ഹോസ്റ്റലില്‍ ലഹരിമരുന്ന് ഉപയോഗവും ലഹരി കൈമാറ്റവും നടക്കുന്നതായും ഡോ. സന്തോഷ് ഉള്‍പ്പടെയുളള വാര്‍ഡന്‍മാര്‍ പ്രിന്‍സിപ്പലിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇതിന്‍റെ പേരിലാണ് തങ്ങള്‍ക്കെതിരെ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ സമൂഹമാധ്യമങ്ങളിലൂടെ ദുഷ്പ്രചാരണം നടത്തുന്നതെന്നും ഇനി തുടരാനില്ലെന്നും വ്യക്തമാക്കിയാണ് സന്തോഷ് ഉള്‍പ്പെടെ അഞ്ചുപേരും വാര്‍ഡന്‍ സ്ഥാനം രാജി വച്ചത്. വാർഡിൽ കയറി ഡോക്ടർ സന്തോഷ് കുര്യനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ പ്രിൻസിപ്പലിന്‍റെ പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ആശുപത്രിയിൽ അതിക്രമിച്ച് കയറിയതിനുമടക്കം ഇരുപത് വിദ്യാർത്ഥികളുടെ പേരിലാണ് കേസ്.
ALSO READ: പൊതുപണിമുടക്ക് : സഹകരണ ബാങ്കുകള്‍ ഇന്നും നാളെയും തുറന്നുപ്രവര്‍ത്തിക്കും