കോഴിക്കോട്: മണാശ്ശേരി ചുള്ളിക്കാപറമ്പ് റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി ജലവിതരണം മുടങ്ങിയതില്‍ പ്രതിഷേധിച്ച് വാര്‍ഡ് മെമ്പറുടെ കുത്തിയിരുപ്പ് സമരം. കൊടിയത്തൂര്‍ 16-ാം വാര്‍ഡ് മെമ്പര്‍ ഫസലാണ് കൊടിയത്തൂരില്‍ കുത്തിയിരുപ്പ് സമരം നടത്തിയത്. റോഡ് നിര്‍മാണത്തിനിടെ പൈപ്പ് പൊട്ടി ജലവിതരണം മുടങ്ങിയിട്ട് മൂന്ന് മാസം പിന്നിട്ടു.
റോഡ് നിര്‍മാണം അശാസ്‌ത്രീയമാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. റോഡ് നിര്‍മാണത്തിന്‍റെ മെല്ലെ പോക്കിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. ഇത്തരം ആരോപണങ്ങള്‍ക്കിടയിലാണ് പൊട്ടിയ ജലവിതരണ പൈപ്പുകള്‍ പുനസ്ഥാപിക്കാതെ വാട്ടര്‍ അതോറിറ്റി ജനങ്ങളെ ദുരിതത്തിലാക്കുന്നത്.
കൊടിയത്തൂർ, സൗത്ത് കൊടിയത്തൂർ, അടുപ്പശ്ശേരി, ജവാൻ രതീഷ് റോഡ്, എള്ളങ്ങൽ തുടങ്ങിയ സ്ഥലങ്ങളിലെ 150 ഓളം കുടുംബങ്ങളാണ് കഴിഞ്ഞ മൂന്ന് മാസമായി വെള്ളം ലഭിക്കാതെ പ്രയാസപ്പെടുന്നത്. കോടികള്‍ ചെലവില്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനത്തില്‍ വിവിധ വകുപ്പുകൾ തമ്മിൽ യാതൊരു വിധ ഏകോപനവുമില്ലാത്ത അവസ്ഥയാണുള്ളതെന്നും പരാതിയുണ്ട്.
പ്രശ്‌നം പരിഹരിക്കുന്നത് വരെ സമരം തുടരുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് പറഞ്ഞു. സമരത്തിന് പിന്തുണയുമായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത്, വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടുമുറി, പഞ്ചായത്തംഗം ടി.കെ അബൂബക്കർ തുടങ്ങിയവരും സ്ഥലത്തെത്തി.