കോഴിക്കോട്: സ്ഥാനാർഥിയുടെ മരണത്തെതുടർന്ന് മാറ്റിവെച്ച മാവൂർ ഗ്രാമ പഞ്ചായത്ത് 11ാം വാർഡ് താത്തൂർപൊയിലിൽ ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴുമുതൽ വൈകുന്നേരം ആറ് മണിവരെയാണ് വോട്ടെടുപ്പ് നടക്കുക. വൈകുന്നേരം അഞ്ച് മുതൽ ആറ് വരെ കൊവിഡ് രോഗികൾക്കും ക്വാറന്‍റ്വനിൽ കഴിയുന്നവർക്കും വോട്ട് രേഖപ്പെടുത്താം. താത്തൂർപൊയിൽ അംഗൻവാടി ഒന്നാം ബൂത്തും പൈപ്പ് ലൈൻ സെന്‍റ് മേരീസ് സ്കൂൾ രണ്ടാം ബൂത്തുമാണ്.
ആകെ 1259 വോട്ടർമാരാണ് ഇവിടെയുള്ളത്. ബൂത്ത് ഒന്നിൽ 635 പേരും (പുരുഷൻമാർ 303, സ്ത്രീകൾ 332) ബൂത്ത് രണ്ടിൽ 624 പേരുമാണ് (പുരുഷൻമാർ 258, സ്ത്രീകൾ 336) വോട്ട് ചെയ്യുക. സി.പി.എമ്മിലെ സുനിൽ കുമാർ പുതുക്കുടിയും കോൺഗ്രസിലെ കെ.സി വാസന്തി വിജയനുമാണ് മുഖ്യ എതിരാളികൾ. മുകുന്ദൻ (ബി.ജെ.പി), ഹംസ (എസ്.ഡി.പി.ഐ), അബ്ദുൽ റസാഖ് (സ്വത.) എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ.
നിലവിൽ ആർ.എം.പി.ഐയിലെ ഒരു അംഗത്തിന്‍റെ പിന്തുണയിൽ യു.ഡി.എഫാണ് ഗ്രാമപഞ്ചായത്ത് ഭരിക്കുന്നത്. യു.ഡി.എഫിനും എൽ.ഡി.എഫിനും എട്ടും ആർ.എം.പി.ഐക്ക് ഒരു സീറ്റുമാണുള്ളത്. വോട്ടെണ്ണൽ വെള്ളിയാഴ്ച രാവിലെ എട്ടിന് മാവൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കും.