കോഴിക്കോട്: ദുബൈയില്‍ മരിച്ച നിലയിൽ കണ്ടെത്തിയ വ്ളോഗര്‍ റിഫ മെഹ്നുവിന്‍റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് റിഫ തനിക്ക് അടുപ്പമുള്ള ഒരാൾക്ക് അയച്ച ശബ്‍ദ സന്ദേശവുമായാണ് ബന്ധുക്കൾ പരാതി ഉന്നയിക്കുന്നത്. ശബ്‌ദ സന്ദേശത്തിൽ മറ്റൊരാള്‍ക്കെതിരായ പരാമര്‍ശങ്ങളിൽ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കൾ പരാതിയിൽ പറയുന്നു.
ഫെബ്രുവരി 28ന് രാത്രിയാണ് റിഫയെ ദുബൈയിലെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവർക്കും രണ്ട് വയസുള്ള മകനുണ്ട്.
കഴിഞ്ഞ മാസം നാട്ടിലെത്തി മകനെ മാതാപിതാക്കളോടൊപ്പം നിർത്തിയാണ് റിഫ ദുബൈയിലേക്ക് പോയത്. മരിക്കുന്നതിന് തൊട്ട് മുമ്പ് നാട്ടിലുള്ള മകനെ വീഡിയോ കോൾ ചെയ്‌തിരുന്നു. ആത്മഹത്യ ചെയ്യത്തക്ക പ്രശ്‌നങ്ങളൊന്നും റിഫയ്ക്ക് ഉണ്ടായിരുന്നില്ലെന്നും മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.