കോഴിക്കോട്: ജില്ലയിലെ പ്രധാന കുടിവെള്ള ശ്രോതസായ കല്ലാച്ചി വിഷ്ണുമംഗലം ബണ്ടിൽ അടിഞ്ഞ് കൂടിയ ചെളി നീക്കം ചെയ്യൽ പ്രവൃത്തിയുടെ ഭാഗമായി ജലസേചന വകുപ്പ് അധികൃതർ പരിശോധന നടത്തി. ബണ്ടിന്‍റെ ഇരു ഭാഗങ്ങളിലും അടിഞ്ഞ് കൂടിയ ചെളി പൂർണമായി നീക്കം ചെയ്യും. ബണ്ടിൽ രൂപപ്പെട്ട തുരുത്തുകളും നീക്കം ചെയ്യുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്‍റെ ഫണ്ട് ഉപയോഗിച്ച് ചെളി നീക്കം ചെയ്യാന്‍ ജലസേചന വകുപ്പിന് ലഭിച്ച നിര്‍ദേശത്തെ തുടര്‍ന്നാണ് ഉന്നത അധികൃതരുടെ മേല്‍ നോട്ടത്തില്‍ പുഴയില്‍ എത്തി ലെവല്‍സ് എടുത്തത്.
നേരത്തെ വിലങ്ങാട് മീത്തലെ പൈങ്ങോളി താഴ മുതല്‍ പേരോട് കടോളി പാലം വരെയുളള ഭാഗത്ത് ചെളി നീക്കം ചെയ്യാന്‍ 2.96 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി രണ്ടിടങ്ങളിലായി ചെളി നീക്കം ചെയ്യുന്ന പ്രവൃത്തി നടക്കുന്നുണ്ട്. ഇതിന് പുറമെയാണ് 48 ലക്ഷം രൂപ ചെലവില്‍ ജില്ലാ പഞ്ചായത്ത് ചെളി നീക്കം ചെയ്യാന്‍ പദ്ധതിയിട്ടത്. പുഴയില്‍ നിന്ന് രണ്ട് ദിവസം കൊണ്ട് ചെളിയുടെ ലെവല്‍സ് എടുത്ത് എസ്റ്റിമേറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കി ജില്ലാ പഞ്ചായത്തിന് നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു.
വടകര മേഖലയിൽ ഉൾപെടെ ഏഴ് പഞ്ചായത്തുകളിലാണ് വിഷ്ണുമംഗലം ബണ്ടിൽ നിന്നുള്ള വെള്ളം വിതരണം ചെയ്യുന്നത്. പുഴയിലെ ചെളി നീക്കം ചെയ്യാന്‍ പുഴ സംരക്ഷണ സമിതി പ്രവർത്തകർ നിരന്തരം നടത്തിയ ഇടപെടലുകളെ തുടര്‍ന്നാണ് ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചത്. ജലസേചന വകുപ്പ് അസിസ്റ്റന്‍റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ പി.കെ. ബിജു, അസിസ്റ്റന്‍റ് എഞ്ചിനീയര്‍മാരായ സുബിഷ, സി. ദിദീഷ്, ടി.എം പ്രസി, ഓവര്‍സീയര്‍ ദീപ എന്നിവരുടെ നേതൃത്വത്തിലാണ് ലെവല്‍സെടുത്തത്.