കോഴിക്കോട്: രാജ്യസഭാ എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ എം.പി വീരേന്ദ്രകുമാര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 83 വയസായിരുന്നു. ജന്മനാടായ കല്‍പ്പറ്റയില്‍ നാളെയാണ് സംസ്കാരം. ലോക്‌താന്ത്രിക് ജനതാദള്‍ നേതാവും മാതൃഭൂമി പ്രിന്‍റിങ് ആന്‍റ് പബ്ലിഷിങ് കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ വീരേന്ദ്രകുമാറിന്‍റെ ജനനം 1936 ജൂലൈ 22 ന് വയനാട്ടിലെ കല്‍പ്പറ്റയിലായിരുന്നു.
ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍, പി ടി ഐ ഡയറക്ടര്‍, പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ട്രസ്റ്റി, ഇന്‍റര്‍ നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് മെമ്പര്‍, കോമണ്‍വെല്‍ത്ത് പ്രസ് യൂണിയന്‍ മെമ്പര്‍, വേള്‍ഡ് അസോസിയേഷന്‍ ഓഫ് ന്യൂസ്‌പേപ്പേഴ്‌സ് എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍, ജനതാദള്‍ (യു) സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്‍റ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചുവരുകയായിരുന്നു വീരേന്ദ്രകുമാര്‍ . 1987 ല്‍ കേരള നിയമസഭാംഗവും വനം വകുപ്പു മന്ത്രിയുമായി. വനങ്ങളിലെ മരങ്ങള്‍ മുറിക്കരുതെന്നായിരുന്നു ആദ്യത്തെ ഉത്തരവ്. 48 മണിക്കൂറിനുള്ളില്‍ മന്ത്രിസ്ഥാനം രാജിവയ്‌ക്കുകയും ചെയ്തു. കേന്ദ്രമന്ത്രിസഭയില്‍ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴില്‍വകുപ്പിന്‍റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയുമായിരുന്നു. 2004-'09 കാലത്ത് പാര്‍ലമെന്‍റ് അംഗമായും സേവനമനുഷ്ഠിച്ചു. കേരള സാഹിത്യ അക്കാദമിയുടെ സി ബി കുമാര്‍ എന്‍ഡോവ്‌മെന്‍റ് അവാര്‍ഡ്, മഹാകവി ജി സ്മാരക അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, കെ വി ഡാനിയല്‍ അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ബാലാമണിയമ്മ പുരസ്‌കാരം, ഏറ്റവും മികച്ച യാത്രാവിവരണ കൃതിക്കുള്ള പ്രഥമ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ്, ഗാന്ധിസ്മൃതി പുരസ്‌കാരം തുടങ്ങി എണ്‍പതിലേറെ അംഗീകാരങ്ങള്‍ക്ക് വീരേന്ദ്രകുമാര്‍ അര്‍ഹനായി.