കോഴിക്കോട്: കൂളിമാട് പാലം തകര്‍ച്ചയുമായി ബന്ധപ്പെട്ട് തിരിച്ചയച്ച വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തത വരുത്തി വേഗത്തില്‍ സമര്‍പ്പിക്കണമെന്ന് വിജിലന്‍സിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് കോഴിക്കോട് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തികളുമായി ബന്ധപ്പെട്ട് എല്ലാ വശങ്ങളും പരിശോധിക്കണമെന്നും അത്തരത്തില്‍ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. വിഷയത്തില്‍ വിജിലന്‍സ് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ കുറച്ച് കൂടി വ്യക്ത വരുത്താനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യാഗസ്ഥരായാലും കരാര്‍ എടുത്തവരായാലും വീഴ്ചയുണ്ടെങ്കില്‍ അതിനനുസരിച്ച് നിലപാട് സ്വീകരിക്കും. തെറ്റിനോട് വിട്ടുവീഴ്‌ചയില്ലെന്നും അദ്ദേഹം പറഞ്ഞു. കൂളിമാട് പാലത്തിന്‍റെ തകര്‍ച്ചയുമായി ബന്ധപ്പെട്ട പൊതുമരാമത്ത് വിജിലന്‍സിന്‍റെ റിപ്പോര്‍ട്ടില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് മന്ത്രി റിപ്പോര്‍ട്ട് തിരിച്ചയച്ചത്. യന്ത്ര തകരാറോ തൊഴിലാളികളുടെ പിഴവോ ആണ് പാലം തകരാൻ കാരണമെന്നായിരുന്നു വിജിലൻസ് റിപ്പോർട്ട്.
എന്നാൽ റിപ്പോർട്ടിൽ വ്യക്തത ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രി തിരിച്ചയച്ചത്. കൂളിമാട് പാലത്തിന്‍റെ തകർച്ചയിൽ ഉദ്യോഗസ്ഥർക്കും കരാർ കമ്പനിക്കും വീഴ‍്‍ച പറ്റിയെന്ന് വ്യക്തമാക്കി സമർപ്പിച്ച റിപ്പോർട്ടിലാണ് പൊതുമരാമത്ത് വിജിലൻസിൽ നിന്ന് മന്ത്രി വിശദീകരണം തേടിയത്.
also read: കൂളിമാട് പാലം പഞ്ചവടിപ്പാലം, പാലാരിവട്ടത്തെക്കാൾ ഭീകരം: കെ.മുരളീധരൻ